പാലക്കാട്: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് സമാനമാണ് പാലക്കാട്ടെ എൽ.ഡി.എഫിന്‍റെ പത്ര പരസ്യമെന്നും പരസ്യം നൽകിയത് എൽ.ഡി.എഫ് ആണെങ്കിൽ പണം നൽകിയത് ബി.ജെ.പിയാണെന്നും സന്ദീപ് വാര്യർ. പത്രപരസ്യങ്ങളിൽ തന്റെതെന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ പലതും വ്യജമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
സി.പി.എം കൃത്രിമമായി നിർമിച്ചതാണിതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സന്ദീപ് പറഞ്ഞു. രണ്ടു പത്രങ്ങളിൽ മാത്രം പരസ്യം നൽകി ബി.ജെ.പിയെ പോലെ വർഗീയ ധ്രുവീകരണത്തിനാണ് സി.പി.എമ്മും ശ്രമിക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പാലക്കാട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നൽകിയ പത്ര പരസ്യമാണ് വിവാദമായത്. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസത്തെ എൽ.ഡി.എഫിന്റെ വോട്ടഭ്യര്‍ഥന. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം.
ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയിൽ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് ഇതുള്ളത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ച് ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ്. സുപ്രഭാതം പാലക്കാട് എഡിഷനിലും സിറാജ് മലപ്പുറം എഡിഷനിലുമാണ് പരസ്യമുള്ളത്. പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ പരസ്യം നൽകിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.