ലോ അക്കാദമി: പ്രശ്നം പരിഹരിക്കാത്തതിന് പിന്നിൽ സി.പി.എം ഇടപെടൽ -സുധീരൻ

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സി.പി.എമ്മിനെയും സംസ്ഥാന സർക്കാറിനെയും കടന്നാക്രമിച്ച് െക.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ ഇടപെടൽ കാരണമാണെന്ന് സുധീരൻ ആരോപിച്ചു.

സി.പി.എം നേതൃത്വത്തിന്‍റെ സമ്മർദ്ദം കാരണമാണ് വിഷയത്തിൽ തീരുമാനമെടുക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് സർക്കാറിനെ ചുമതലപ്പെടുത്തിയത്. ലോ അക്കാദമിയിലെ സമരത്തിൽ രാഷ്ട്രീയം കലർത്തിയത് സി.പി.എം ആണ്. പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വീകരിക്കുന്നു. അതോടൊപ്പം വിഷയത്തിൽ രാഷ്ട്രീയം കലർത്തുകയും ചെയ്യുന്നുവെന്ന് സുധീരൻ വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പിൽ നിന്ന് സൻഡിക്കേറ്റ് വിലക്കിയ ആളായ ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് സുധീരൻ ചോദിച്ചു. സാങ്കേതികമായി പദവിയിൽ ഇരിക്കാമെങ്കിലും ധാർമികമായി ശരിയല്ല. പ്രിൻസിപ്പൽ പദവിയിൽ നിന്ന് ലക്ഷ്മി നായർ രാജിവെക്കണം. രാജിവെക്കാത്തതിന് പിന്നിൽ സി.പി.എം ഇടപെടലാണ്. പ്രശ്ന പരിഹാരത്തിന് വിഘാതം സൃഷ്ടിക്കരുതെന്നും സുധീരൻ പറഞ്ഞു.

സിൻഡിക്കേറ്റ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന സ്ഥാപനത്തിന്‍റെ അംഗീകാരം റദ്ദാക്കണം. വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ലോ അക്കാദമി സർക്കാർ ഏറ്റെടുക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

Tags:    
News Summary - law academy issues vm sudheeran attacks to cpm and pinarayi govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.