ലോ അക്കാദമി സമരം: ആത്മഹത്യാ ഭീഷണിയുമായി വിദ്യാർഥികൾ, സംഘർഷം  

തിരുവനന്തപുരം: മരത്തിന് മുകളില്‍ അഞ്ചുമണിക്കൂറിരുന്ന് വിദ്യാര്‍ഥി ആത്മഹത്യഭീഷണി മുഴക്കിയതോടെ, ലോ അക്കാദമിയിലെ പ്രക്ഷോഭത്തിന് പുതിയ രൂപവും ഭാവവും. ലക്ഷ്മി നായരുടെ രാജി ആവശ്യവുമായി മരത്തില്‍ കയറിയ എ.ബി.വി.പി പ്രവര്‍ത്തകനെ ഫയര്‍ഫോഴ്സ് താഴെയിറക്കിയതിന് പിന്നാലെ സമരപ്പന്തലില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചു. താഴെയിറക്കിയ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സമരക്കാര്‍ തടഞ്ഞു. ഇതിനിടെ അക്കാദമിക്ക് മുന്നിലെ സംഘര്‍ഷത്തില്‍ കുടുങ്ങിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു. മണക്കാട് സ്വദേശി അബ്ദുല്‍ ജബ്ബാറാണ് (66) മരിച്ചത്. പൊലീസ് അനാസ്ഥയുടെ ഇരയാണ് അബ്ദുല്‍ ജബ്ബാറെന്ന് വിശേഷിപ്പിച്ച സമരക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു. അക്കാദമിക്ക് മുന്നില്‍ കെ. മുരളീധരന്‍െറയും വി.വി. രാജേഷിന്‍െറയും നിരാഹാരം തുടരുകയാണ്. സബ് കലക്ടറുടെ അനുരഞ്ജന ചര്‍ച്ചയും പാളിയതോടെ ആത്മഹത്യഭീഷണിയും സംഘര്‍ഷാവസ്ഥയും നിറഞ്ഞ 28ാം സമരദിനമാണ്  ലോ അക്കാദമിയില്‍ ചൊവ്വാഴ്ച കടന്നുപോയത്. 

ഉച്ചക്ക് രണ്ടോടെയാണ് എ.ബി.വി.പി പ്രവര്‍ത്തകനായ ഷിമിത്ത് പെട്രോളും വിഷവും കയറുമായി അക്കാദമിക്ക് മുന്നിലെ ആല്‍മരത്തില്‍ കയറിയത്. പൊലീസും ഫയര്‍ഫോഴ്സും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും  ഫലമുണ്ടായില്ല. തുടര്‍ന്ന് സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ സ്ഥലത്തത്തെി. ആവശ്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കി. എന്നാല്‍, പ്രിന്‍സിപ്പല്‍ രാജിവെക്കണം, ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണം, പാസ്പോര്‍ട്ട് കണ്ടുകെട്ടണം, സമരം മന്ത്രിസഭ ചര്‍ച്ച ചെയ്യണം തുടങ്ങിയ ആവശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. എന്നാല്‍, ഇതൊന്നും തനിക്ക് നേരിട്ട് തീരുമാനിക്കാനാവില്ളെന്നും അധികാരികളെ ധരിപ്പിക്കാമെന്നുമായിരുന്നു സബ് കലക്ടര്‍ അറിയിച്ചത്. വിവരമറിഞ്ഞ ഷിമിത്തിന്‍െറ മാതാവും സ്ഥലത്തത്തെിയിരുന്നു.

പിന്നീട്, ലക്ഷ്മി നായരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാമെന്ന ഡി.സി.പിയുടെ തീരുമാനം ഒരു ഉദ്യോഗസ്ഥന്‍ അറിയിക്കുന്നതിനിടെ, സമരക്കാരുടെ ശ്രദ്ധ മാറിയപ്പോഴാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മരത്തില്‍ കയറിയത്. അവരുടെ പിടിയില്‍പെടാതെ കുതറിമാറാന്‍ ഷിമിത്ത് ശ്രമിച്ചെങ്കിലും ഏറെ പണിപ്പെട്ട് സുരക്ഷാസഞ്ചിയില്‍ കയര്‍ ബന്ധിപ്പിച്ച് താഴെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിദ്യാര്‍ഥികള്‍ സമരപ്പന്തലില്‍ എത്തിച്ചു. അവിടെയുണ്ടായിരുന്ന അമ്മ മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇതിനിടെ, പൊലീസിനുനേരെ പലഭാഗത്തുനിന്നും കല്ളേറുണ്ടായി. പ്രതിഷേധം തുടരുന്നതിനിടെയാണ് രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ ദേഹത്ത് പെട്രോളൊഴിച്ചത്. അപ്പോള്‍തന്നെ ഫയര്‍ഫോഴ്സ് ഇവരെ സുരക്ഷിതരാക്കി. സംഘര്‍ഷമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പേരൂര്‍ക്കടയിലേക്ക് എത്തിയത്. മണിക്കൂറുകളോളം ഗതാഗത തടസ്സവുമുണ്ടായി.

രാവിലെ ലോ അക്കാദമിയിലെ വിവാദ ഹോട്ടല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ അടപ്പിക്കാനത്തെിയതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അമ്പതോളം പ്രവര്‍ത്തകര്‍ പ്രകടനമായത്തെിയാണ് ഹോട്ടല്‍ അടപ്പിച്ചത്.  ലോ അക്കാദമി പരിസരത്തെ സഹകരണ ബാങ്കിനുള്ളില്‍ കയറിയ പ്രവര്‍ത്തകരെ പൊലീസ് പുറത്തിറക്കി. പ്രതിഷേധം തുടരുന്നതിനിടെ കെ.എസ്.യു അധ്യക്ഷന്‍ വി.എസ്. ജോയി അടക്കം ഏതാനും പ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥന്‍ എന്നിവര്‍ ചൊവ്വാഴ്ച സമരപ്പന്തലില്‍ എത്തിയിരുന്നു. 

Full View
Tags:    
News Summary - law academy strike suicide attempt by students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.