ലോ അക്കാദമി ഭൂമി: എം.എന്‍. ഗോവിന്ദൻ നായരുടെ സഹായത്തോടെയുള്ള ​കൈയ്യേറ്റം- ഡോ. രാമസ്വാമി

തിരുവനന്തപുരം: ലോ അക്കാദമി ഭൂമിയില്‍നിന്ന് 1943ല്‍ സര്‍ സി.പി. രാമസ്വാമി കുടിയറക്കിയതിനെക്കാള്‍ ക്രൂരമാണ് മുൻ മന്ത്രി എം.എന്‍. ഗോവിന്ദന്‍ നായരുടെ നടപടിയെന്ന് ഡോ. രാമസ്വാമി. ലോ അക്കാദമി ഭൂമിയുടെ യഥാര്‍ഥ ഉടമയായ പി.എസ്. നടരാജപിള്ളയുടെ ചെറുമകനാണ് സ്വാമി. മുത്തച്ഛന്‍ 1966ല്‍ മരിച്ചതോടെ ദുരിതത്തിലായ ഒമ്പത് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്‍െറ സ്വത്താണ് നാരായണന്‍ നായര്‍ കൈയേറിയതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. പേരൂര്‍ക്കട വഴിയിലയില്‍ താമസിക്കുന്ന രാമസ്വാമി തമിഴ്നാട്ടില്‍ ഹോമിയോ ഡോക്ടറായിരുന്നു. 

‘തിരുവിതാംകൂർ ദിവാനായിരുന്ന സി.പി കണ്ടുകെട്ടിയ സ്വാതന്ത്ര്യസമര സേനാനികളുടെ ഭൂമിയെല്ലാം 1947നുശേഷം സര്‍ക്കാര്‍ തിരിച്ചുനല്‍കിയിരുന്നു. നടരാജപിള്ളയുടെ മരണശേഷം 1967ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലത്തെിയപ്പോള്‍ സി.പി കണ്ടുകെട്ടിയ 90 ഏക്കര്‍ ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം മന്ത്രി എം.എന്‍. ഗോവിന്ദന്‍ നായരെ കണ്ടു. അന്ന് മുഖ്യമന്ത്രി ഇ.എം.എസ് വിദേശത്തായിരുന്നു. സര്‍ക്കാറിന് ഭൂമി ആവശ്യമുണ്ടെന്നാണ് എം.എന്‍ പറഞ്ഞത്. കമ്യൂണിസ്റ്റ് സര്‍ക്കാറില്‍ സ്വാധീനമുണ്ടായിരുന്ന നാരായണന്‍ നായര്‍ 1968ല്‍ സ്വകാര്യ ട്രസ്റ്റ് രൂപവത്കരിച്ച് ഭൂമി സ്വന്തമാക്കി. ഇപ്പോള്‍ ട്രസ്റ്റില്‍ അംഗമായ അഡ്വ. കെ. അയ്യപ്പന്‍പിള്ള ഇതിനെല്ലാം സാക്ഷിയാണ്.

സര്‍ക്കാറിന്‍െറ അനുമതിയോടെയുള്ള കൈയേറ്റം നോക്കിനില്‍ക്കാനേ കുടുംബത്തിനായുള്ളൂ. തങ്ങളുടെ സ്വത്ത് സ്വന്തമാക്കിയവര്‍ അനുഭവിക്കുന്നത് അതിന് മുന്നിലെ വീട്ടിലിരുന്നാണ് കണ്ടത്. നാരായണന്‍ നായരെ സഹായിക്കുക വഴി നടരാജപിള്ളയുടെ കുടുംബത്തെ തകര്‍ക്കുകയാണ് എം.എന്‍ ചെയ്തത്. കുടുംബത്തിന് നീതി കിട്ടിയില്ലെങ്കിലും നിയമവിരുദ്ധമായി നടന്ന കൈയേറ്റം പുറത്തുവന്നിരിക്കുന്നു. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കട്ടെ -രാമസ്വാമി പറഞ്ഞു.

അതേസമയം നടരാജപിള്ളയുടെ 10ാം വാര്‍ഷികത്തിന് പ്രസിദ്ധീകരിച്ച സ്മരണികയില്‍ അദ്ദേഹത്തെക്കുറിച്ച് നേതാക്കളെല്ലാം നല്ലവാക്കുകള്‍ എഴുതി. നാരായണപിള്ളക്ക് ഭൂമി പതിച്ചുനല്‍കിയ കെ. കരുണാകരനും ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വാര്‍ഷികം ഉദ്ഘാടനം ചെയ്തത് വി.എസ്. അച്യുതാനന്ദനാണ്.

 

Tags:    
News Summary - law academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.