മൂന്നാമതും എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരും; മുസ്‍ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: കേരളത്തിൽ മൂന്നാമതും എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരുമെന്നാണ് തോന്നുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്‍ലിം വിരോധിയല്ല. പിണറായിയുടെ സമീപനം ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പിയിലെ കാവിവൽക്കരണത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ഇടതുപക്ഷം രംഗത്തെത്തുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.

ലോക്സഭാ ​തോൽവിയുടെ പരാജയ കാരണം പഠിച്ച് അതിന് സി.പി.എം പരിഹാരം കാണണം. കഴിഞ്ഞ പ്രാവശ്യം കിറ്റുണ്ടായിരുന്നു. ഇപ്പോൾ ക്ഷേമ പെൻഷനടക്കം കുടിശ്ശികയായി മാറി. മാവേലി സ്റ്റോറുകളിൽ സാധനങ്ങളില്ല. ഇതെല്ലാം പരാജയത്തിന് കാരണമായി. കൂടാതെ ന്യൂനപക്ഷ പ്രീണനവും തിരിച്ചടിയായി. അടിസ്ഥാന വർഗങ്ങൾക്ക് കാര്യമായ പരിഗണനയും പരിരക്ഷയും ലഭിച്ചില്ല. അതേസമയം, ന്യൂനപക്ഷങ്ങൾ സി.പി.എമ്മിന് വോട്ട് ചെയ്തതുമില്ല.

മലബാറിൽ ഈഴവർ സി.പി.എമ്മിന് വോട്ട് ചെയ്തില്ല. കാന്തപുരത്തിന്റെ വോട്ട് പോലും പാർട്ടിക്ക് കിട്ടിയില്ല. താനൊരു മുസ്‍ലിം വിരോധിയല്ല. പക്ഷേ, അങ്ങനെയാക്കാനുള ശ്രമം നടക്കുന്നുണ്ട്. യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് ഒമ്പത് പേരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. അതിൽ എത്രപേർ പിന്നാക്കക്കാരുണ്ട്.

ഇടതുപക്ഷത്തെ എന്നും പിന്തുണച്ചവരാണ് ഈഴവ സമുദായം. പക്ഷേ, സി.പി.എം അവരെ പാടെ അവഗണിച്ചു. ​ക്രിസ്ത്യാനികളുടെ വോട്ട് നേടിയാണ് തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത്. മുസ്‍ലിം സമുദായത്തിൽനിന്നുള്ള ഭീഷണി കാരണം ​ക്രിസ്ത്യാനികൾ പേടിച്ചാണ് കഴിയുന്നത്. അവർക്ക് സംരക്ഷകരായി വരുന്നവരെ അവർ പിന്തുണക്കും. ഇങ്ങനത്തെ സാമൂഹിക സത്യങ്ങൾ തുറന്നുപറയുമ്പോൾ എന്നെ വർഗീയ വാദിയാക്കരുത്.

എനിക്ക് ഒര​ു പാർട്ടിയോടും വിരോധവും വിധേയത്വവുമില്ല. എസ്.എൻ.ഡി.പിയെ കാവിയും ചുവപ്പും പച്ചയും പുതപ്പിക്കാൻ ശ്രമിക്കുന്നില്ല. മഞ്ഞ മാത്രമാണ് പുതപ്പിക്കുന്നത്. പിന്നാക്ക സമുദായത്തിന്റെ ഉന്നമനത്തിനായാണ് താൻ പ്രവർത്തിക്കുന്നത്. എന്നാൽ, എന്നെ കള്ളുകച്ചവടക്കാരനാണെന്നാണ് അബ്ദുൽ ഗഫൂർ വിശേഷിപ്പിച്ചത്. പക്ഷേ അയാൾ വിദ്യാഭ്യാസം കച്ചവടം ചെയ്താണ് ജീവിക്കുന്നത്.

ബി.ജെ.പിയിലേക്ക് എൽ.ഡി.എഫിന്റെ കുറച്ചുവോട്ട് മാത്രമാണ് പോകുന്നത്. മഹാഭൂരിപക്ഷവും പോകുന്നത് കോൺഗ്രസ് വോട്ടാണ്. എൽ.ഡി.എഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് വോട്ടുകൾ അവിടെത്തന്നെ നിൽക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ഡി.പിയിലെ ഇടതുപക്ഷ അംഗങ്ങളുടെ യോഗം വിളിക്കാനുള്ള എൽ.ഡി.എഫ് തീരുമാനത്തേയും അദ്ദേഹം വിമർശിച്ചു. അങ്ങനെ ഒരു മണ്ടത്തരം സി.പി.എം കാണിക്കുമെന്ന് തോന്നുന്നില്ല. അതിന് ശ്രമിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. എസ്.എൻ.ഡി.പി ഇടതുപക്ഷത്തിന്റെ കയ്യിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    
News Summary - LDF itself will come to power for the third time; Vellappally Natesan says he is not anti-Muslim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT