കൊല്ലം: ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി മൂന്നുനാൾ. ഇനി ചാകരയുടെ കാലമാണ് ഓരോ മത്സ്യത്തൊഴിലാളികളും സ്വപ്നം കാണുന്നത്. ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നിലവില്‍വന്ന ട്രോളിങ് നിരോധനം 52 ദിവസത്തിനുശേഷം ബുധനാഴ്ചയോടുകൂടി അവസാനിക്കും. ഇതോടെ ബോട്ടുകൾ കടലിലിറക്കുന്നതിനായി മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒരുക്കമാരംഭിച്ചു.
ആഗസ്റ്റ് ഒന്നുമുതൽ മത്സ്യബന്ധനത്തിനു പോകുന്നതിനായി ലക്ഷങ്ങൾ ചെലവിട്ട് ബോട്ടുകളിലെ അറ്റകുറ്റപ്പണി ചെയ്ത് തീർക്കൽ, ബാറ്ററി ശരിയാക്കുക, പുതിയ വലകൾ നെയ്യുക, കേടുപാടുകൾ തീർത്തും ഭൂരിഭാഗം ബോട്ടുകളുടെയും തയാറെടുപ്പുകൾ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്ധനം ശേഖരിച്ചുതുടങ്ങുന്നതിനായി തുറമുഖങ്ങളിലെ ഡീസൽ ബങ്കുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ തീരമേഖലകളിലെ ഡീസൽ പമ്പുകളാണ് തിങ്കളാഴ്ച മുതൽ തുറക്കുക. അവശേഷിക്കുന്ന ദിവസങ്ങളിൽ ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്ധനവും ഐസും റേഷനും ശേഖരിച്ചുതുടങ്ങും.
നീണ്ട 52 ദിവസത്തെ ഇടവേളക്കുശേഷം ഉൾക്കടലിലേക്ക് മീൻപിടിത്തത്തിനിറങ്ങാനിരിക്കെ ഇത്തവണയും കാലാവസ്ഥ പ്രതികൂലമായേക്കുമെന്ന ഭയപ്പാടിലാണ് മത്സ്യമേഖല. കഴിഞ്ഞ സീസണിൽ വരുമാനം ഏറ്റവും കുറവായിരുന്നു. ഇന്ധന വിലവർധനയും ഫീസ് വർധനയും മത്സ്യമേഖലയെ അലട്ടുമ്പോഴും സർക്കാർ സഹായവും വാഗ്ദാനങ്ങൾ മാത്രമായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ ഏഴുമാസമായി കുടിശ്ശിക ഇനത്തിൽ നൽകാനുണ്ട്. തൊഴിലാളികൾ ക്ഷേമനിധി പെൻഷൻ നിധിയിലേക്ക് 100 രൂപ വീതമാണ് അടക്കുന്നത്. 60 വയസ്സ് വരെയുള്ളവരാണ് വിഹിതം അടക്കുന്നത്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിരുന്ന മണ്ണെണ്ണ സബ്സിഡി തുക മൂന്ന് മാസമായി ലഭിക്കുന്നില്ല. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്ന സമാശ്വാസ തുകയും ലഭിച്ചിട്ടില്ലെന്നും ഈ കാലത്ത് നൽകേണ്ട ഭക്ഷ്യവസ്തുക്കളും വിതരണം ചെയതിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ട്രോളിങ് നിരോധനകാലം മേഖലയിൽ പൂർണമായും സമാധാനപരമായിരുന്നു. അപകടങ്ങളും അനിഷ്ടസംഭവങ്ങളും ഒന്നും റിപ്പോർട്ട് ചെയ്തില്ല. നീണ്ടകര പാലത്തിൽ ചങ്ങലയിട്ടതോടെയാണ് ജില്ലയിൽ ഈ വർഷത്തെ ട്രോളിങ് നിരോധനത്തിന് തുടക്കമായത്. പരമ്പരാഗത മത്സ്യബന്ധനത്തിന് ഈ കാലയളവിൽ നിരോധനമില്ലായിരുന്നു. നീണ്ടകര പാലത്തിന് പടിഞ്ഞാറുവശം, തങ്കശ്ശേരി, അഴീക്കൽ തുറമുഖങ്ങളാണ് ട്രോളിങ് നിരോധന സമയങ്ങളിൽ അടച്ചിട്ടിരുന്നത്. നിരോധനം ലംഘിക്കാതിരിക്കാൻ തീരപ്രദേശങ്ങളിൽ കനത്ത പൊലീസ് കാവലും ഈ സമയങ്ങളിൽ ഉറപ്പാക്കിയിരുന്നു. പരമ്പരാഗത രീതിയിലുള്ള തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ടായിരുന്നില്ല. എന്നാൽ, ഇവർക്കും ട്രോളിങ് നിരോധനത്തിന്റെ തുടക്കത്തിൽ കാര്യമായി മീൻ ലഭിച്ചിരുന്നില്ല.
തീരപ്രദേശങ്ങളിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന അന്തർസംസ്ഥാന തൊഴിലാളികൾ മിക്കവരും അവരുടെ നാട്ടിലേക്കുമടങ്ങുക ട്രോളിങ് നിരോധന സമയത്താണ്. ഇവരും ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ തിരികെയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.