നോട്ട്-സഹകരണ പ്രതിസന്ധി: 29ന് എല്‍.ഡി.എഫ് മനുഷ്യച്ചങ്ങല

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയും സഹകരണ പ്രസ്ഥാനങ്ങളോടുള്ള കേന്ദ്ര സമീപനവും ഉയര്‍ത്തി ജനകീയ സമരങ്ങളിലേക്ക് എല്‍.ഡി.എഫ്. ഇതിന്‍െറ ഭാഗമായി 29ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. ശമ്പളം, പെന്‍ഷന്‍ എന്നിവ മുടങ്ങിയത് ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും എല്‍.ഡി.എഫ് സംസ്ഥാന സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മനുഷ്യച്ചങ്ങലയുമായി സഹകരിക്കാനാഗ്രഹിക്കുന്ന എല്ലാവരെയും അണിചേര്‍ക്കും. ഇതിനു മുന്നോടിയായി ഈമാസം 20ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തും. 22ന് കാല്‍നട പ്രചാരണ ജാഥയും 27, 28 തീയതികളില്‍ ബൂത്തടിസ്ഥാനത്തില്‍ വീടു കയറിയുള്ള പ്രചാരണവും നടത്തും.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ചില പരിപാടികളില്‍ പങ്കെടുക്കാന്‍ പോയതിനാല്‍  മുഖ്യമന്ത്രി യോഗത്തിനത്തെിയില്ല. കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധിയും വിഷയമായി. മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ല. മറ്റ് സര്‍ക്കാര്‍ ജീവനകാര്‍ക്ക് ശമ്പളം നല്‍കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ മാത്രം അത് നിഷേധിക്കാനാവില്ല. പെന്‍ഷനിലും സമാന അവസ്ഥയാണ്.
പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തേ മതിയാവൂയെന്ന വികാരം കക്ഷിനേതാക്കളും പങ്കുവെച്ചു. കെ.എസ്.ആര്‍.ടി.സിക്ക് കടം വാങ്ങണമെങ്കില്‍ സര്‍ക്കാര്‍ ഗാരന്‍റി നില്‍ക്കണം. അതിനുള്ള ശ്രമം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകണം. പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്ന് പരമാവധി നിയമനം നടത്തണമെന്നും യോഗം നിര്‍ദേശിച്ചു.
ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നോട്ട് പിന്‍വലിച്ച നടപടിയെ വിമര്‍ശിക്കുന്നുണ്ടെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന വിഷയം ചര്‍ച്ച ചെയ്തില്ല. അതു ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയമായിരിക്കുമെന്നായിരുന്നു പ്രതികരണം. ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനം പൂര്‍ത്തിയാവുന്നെന്നും അദ്ദേഹം പറഞ്ഞു. ഭോപാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് സംഘ്പരിവാര്‍ തടഞ്ഞത് രാജ്യത്തിന്‍െറ ഫെഡറല്‍ കാഴ്ചപ്പാടിന് വിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

 

Tags:    
News Summary - ldf protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.