സിൽവർ ലൈൻ പ​ദ്ധതിക്കെതിരെ മുഖ്യമന്ത്രിക്ക് പ്രമുഖ ശാസ്ത്രജ്ഞരുടെയും എഴുത്തുകാരുടെയും തുറന്നകത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ പ​ദ്ധതിക്കെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പ്രമുഖ ശാസ്ത്രജ്ഞരും എഴുത്തുകാരും. സിൽവർലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. ഡോ. എം,പി പരമേശ്വരൻ, പ്രഫ. എം.കെ പ്രസാദ്, എം.എ ഉമ്മൻ, സി.ടി.എസ് നായ‍ർ, പ്രൊഫ. വി ശിവപ്രസാദ് തുടങ്ങി പ്രമുഖ ശാസ്ത്രജ്ഞരാണ് കത്തിൽ ഒപ്പുവെച്ചത്.

അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈൻ പദ്ധതി കേരളത്തിന്റെ സമഗ്രവികസനത്തിന് അപകടകരമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾ സംസ്ഥാനം അഭിമുഖീകരിക്കുകയും ചെയ്യുന്നതിനിടയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ ആശങ്കയുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

2018 ലും 2019 ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങൾ, 2020 മുതൽ തുടരുന്ന കോവിഡ് മഹാമാരി എന്നിവ സൃഷ്‌ടിച്ച അസാധാരണ സാഹചര്യങ്ങൾ ജനങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സിൽവർലൈൻ പോലെയുള്ള ഭീമമായ നിർമാണ പ്രവർത്തനങ്ങൾക്ക് പകരം വികസന പരിഗണനാക്രമങ്ങൾ മാറ്റേണ്ടതുണ്ട്. വിദേശകടവും വിദേശസാങ്കേതിക വിദ്യയും ആശ്രയിച്ചു ഏകപക്ഷീയമായി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഈ പദ്ധതി ജനകീയ ചർച്ചകളില്ലാതെ മുന്നോട്ട് പോകുന്നതിൽ നിരാശരാണെന്നും കത്തിൽ പറയുന്നു. ചില നിർദേശങ്ങൾ നടപ്പാക്കണമെന്നും കത്തിലൂടെ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

ശാസ്ത്രജ്ഞർ മുന്നോട്ട് വെച്ച നി‍ർദേശങ്ങൾ

  1. നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവെക്കണം
  2. കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ടു റോഡ്, റെയിൽ, വിമാനം, ഉൾനാടൻ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉൾപ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതിൽ ഏറ്റവും ചിലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണം
  3. ഇപ്പോൾ കേരളത്തിലുള്ള റെയിൽവേ സംവിധാനത്തിന് വേഗതയിലും മറ്റു അനുബന്ധ സൗകര്യങ്ങളിലും ഏറെ പരിമിതികൾ ഉണ്ടെങ്കിലും അവയെ പരിഹരിച്ചുകൊണ്ട് നിലനിൽക്കുന്ന സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് കൂടുതൽ ചിലവ് കുറവുള്ളതും മറ്റു അനുബന്ധ പ്രശ്നങ്ങൾ കുറക്കുന്നതുമായ ബദൽ മാർഗമാണ്. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
  4. നിയമസഭയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യണം. ജനാധിപത്യ സംവാദങ്ങൾക്ക് ഇടം നൽകുന്ന ഈ വിഷയത്തിൽ സർഗാത്മകമായ നിർദേശങ്ങളുണ്ടാകും.
  5. കോവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികൾക്കു മധ്യേ ഭീമമായ നിക്ഷേപം വേണ്ട പ്രവർത്തനങ്ങൾ എങ്ങനെയാണ് മുൻഗണനയാവുന്നത് എന്ന് വിശദീകരിക്കണം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.