ഉരുൾപൊട്ടൽ ദുരന്തം: മരണം 350 കവിഞ്ഞു, ഇനിയും കണ്ടെത്താനുള്ളത് 200ഓളം പേരെ

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയേയും ചൂരൽമലയേയും തകർത്തെറിഞ്ഞ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 350 കവിഞ്ഞു. 365 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 206 പേരെ കണ്ടെത്താനുമുണ്ട്. ഇവർക്കായുള്ള തിരച്ചിൽ നാളെ രാവിലെ പുന:രാരംഭിക്കും.

വിവിധ ഭാഗങ്ങളായി തിരിഞ്ഞാണ് മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം തുടരുന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ അഞ്ചാംദിനമായിരുന്നു ഇന്ന്. ദുരന്തമേഖലയിൽ ഇനി ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്നാണ് സൈന്യത്തിന്‍റെ നിഗമനം.

 

ഇന്ന് നടത്തിയ തിരച്ചിലിൽ ചാലിയാറിൽ നിന്ന് മൂന്ന് മൃതദേഹവും 13 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ ഇവിടെ നിന്ന് ലഭിച്ചത് ആകെ 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമായി. ഇതിൽ 198 എണ്ണം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും മൂന്നെണ്ണം ഡി.എൻ.എ ടെസ്റ്റിനായി അയക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയോടെ പുഴയിലെ തിരച്ചിൽ അവസാനിപ്പിക്കും.

ജൂലൈ 30ന് പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. 2.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുണ്ടാവുകയായിരുന്നു. 

Tags:    
News Summary - Wayanad landslide death toll updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.