കോഴിക്കോട്: വകുപ്പിന്റെ രേഖകൾ പ്രകാരം വയനാട്ടിൽ 70 വർഷത്തിനിടയിൽ വനം കുറഞ്ഞത് 947.49 ചതുരശ്ര കിലോമീറ്റർ. സി.എ.ജി നടത്തിയ അന്വേഷണത്തിലാണ് ഇത്രയുമധികം വനഭൂമി വനേതര ആവശ്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതത്തിന്റെ മാനേജ്മന്റെ് പ്ലാൻ അനുസരിച്ച് 1950 ൽ വയനാട് ജില്ലയുടെ വനഭൂമിയുടെ വിസ്തൃതി 1811.35 ചതുര കിലോമീറ്റർ ആയിരുന്നു. അത് 2021ൽ എത്തിയപ്പോൾ 863.86 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
തോട്ടം, കൃഷി മുതലായവയുടെ വിസ്തൃതിയിൽ അതിനനുസരിച്ച് വർധനവ് ഉണ്ടായി. ഇത് ഒരിക്കൽ തുടർച്ചയായി നിലനിന്നിരുന്ന സസ്യജാലങ്ങളുടെ വിഘടനത്തിലേക്ക് നയിക്കുകയും ചെയ്തു. സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘർഷത്തിന് ഇരിയായവരിൽ ഏറെ പേരും വയനാട്ടുകാരായി. ഈ സംഘർഷത്തിന്റെയും പ്രാഥമിക കാരണം നിരവധി വന്യജീവി ആവാസ വ്യവസ്ഥകളുടെ നഷ്ടവും അധപതനവും വിഘടനവും ആണെന്ന് പരിശോധനയിൽ കണ്ടെത്തി.
ഇപ്പോൾ ദുരന്തം നടന്ന മേപ്പാടിയിലും നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എതിർപ്പിനെ തുടർന്ന് 1990കളിൽ ഏറ്റെടുക്കൽ നടന്നില്ല. വനഭൂമി വൻതോതിൽ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വയനാട്ടിൽ പാരിസ്ഥിതികാവസ്ഥ തകിടം മറിഞ്ഞത്. അതുപോലെ വയനാട് ടൂറിസം കേന്ദ്രമായി മാറിയതോടെ വനമേഖലയിടക്കം നൂറുകണിക്കിന് റിസോർട്ടുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് കണക്ക്. ഇതെല്ലാം പാരിസ്ഥിതികമായി വയനാടിനുമേൽ വലിയ ആഘാതമുണ്ടാക്കിയെന്നാണ് വനയാട് പരിസ്ഥിതി സംരക്ഷമ സമിതി അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.
സീസണിൽ 25000ത്തിലധികം പേരാണ് വയനാട്ടിൽ ദിവസവും വന്നു പോകുന്നത്. ടൂറിസത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. മേപ്പാടിയിൽ അടക്കം വയനാട്ടിൽ മലകൾക്ക് മുകളിൽ നേർത്ത ആവരണം പോലെയാണ് മണ്ണുള്ളത്. റിസോർട്ടുകൾ നിർമിക്കുന്ന മലമുകളിലാണ്. മരങ്ങളുടെ വേരുകളിലാഴ്ത്തി മണ്ണിനെ സംരക്ഷിച്ചു പോന്നു. പുതിയ നിർമാണങ്ങൾ തുടങ്ങിയതോടെ വൻമരങ്ങൾ പലതും വെട്ടിമാറ്റി. മലമുകളിലേക്ക് പുതിയ റോഡുകൾവെട്ടി. ഇതെല്ലാം മലകൾ ജെ.സി.ബി ഉപയോഗിച്ച് അരിഞ്ഞ് നിരത്തിയാണ് നടത്തിയത്.
വനങ്ങളോട് ചേർന്ന് കിടക്കുന്ന പരിസ്ഥിതി ദുർബലമായ പ്രദേശങ്ങളെ എങ്ങനെ സംരക്ഷിക്കണം എന്ന് ദുരന്തനിവാരണ അതോറിറ്റിക്കോ സർക്കാരിനോ പ്ലാനുണ്ടായിരുന്നില്ല. നാല് പതിറ്റാണ്ട് മുമ്പ് 1984ൽ 11 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലമാണ് മേപ്പാടി. അന്നവിടെ ജനവാസം നന്നെ കുറവായിരുന്നു. പിന്നീട് ജനവാസിത്തിനുമപ്പുറം റിസോർട്ടുകൾ ഇവിടെ കൂണുകൾ പോലെ മുളച്ച് പൊന്തി. മേപ്പാടി പഞ്ചായത്തിൽ 100 കണക്കിന് റിസോർട്ടുകളുണ്ടെന്നാണ് അനൗദ്യോഗിക വിവരം. സർക്കാർ നിയോഗിച്ച് വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിൽ മുണ്ടക്കൈ അടക്കം അതീവ പരിസ്ഥിതി ദുർബല മേഖലയാണെന്ന ചൂണ്ടിക്കാണിച്ചിരുന്നു.
വയനാട്ടിലെ മലകളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കിയപ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠനം നടത്തിയിട്ടില്ല. വെറും സാമ്പത്തിക താൽപര്യം മാത്രമാണ് ടൂറിസം പദ്ധതികൾക്ക് പിന്നിലുണ്ടായിരുന്നത്. വയനാട്ടിലേക്ക് പുറത്തുനിന്നുള്ളവർ ടൂറിസം വികസനത്തിനായി വലിയ മുതൽമുടക്ക് നടത്തി. എല്ലാവരും വയനാട്ടിലെ മലകൾക്ക് മുകളിലാണ് ഭൂമി വാങ്ങിയത്. മലമുകളിൽ ധാരാളമായി പുതിയ നിർമിതികളുണ്ടായി. ഇന്നാകട്ടെ മേപ്പാടിയിലടക്കം വയനാട്ടിലെ തദ്ദേശവാസികൾ ഈ മൂലധനത്തിന്റെ ഇരകളായി മാറുകയാണ്. മേപ്പാടിയിൽ ഏതാണ്ട് നൂറുകണക്കിന് മനുഷ്യർ അപ്രത്യക്ഷരാകുമ്പോഴും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്ന ഇത്തരം സാമൂഹിക പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തിൽ എടുക്കുന്നില്ല. വയനാട്ടിലെ പരിസ്ഥിതി ദുർബലമായ പ്രദേശത്തിന്മേൽ ഇനിയും ടൂറിസ വികസനത്തിന്റെ കടന്നാക്രമണം നടത്തരുതെന്നാണ് ആദിവാസികളും പരിസ്ഥതി പ്രവർത്തകരും ഒരേ സ്വരത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.