തിരുവനന്തപുരം: വയനാടിന്റെ കണ്ണീരൊപ്പാൻ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് അങ്ങനെ തന്നെ നൽകണം. ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിന് കെ. സുധാകരൻ തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ഫോണിൽ വിളിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പ്രളയമുണ്ടായ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിരുന്നു. അന്ന് യു.ഡി.എഫ് എം.എൽ.എമാരും സഹായം നൽകിയിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിലും രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല.
അതിനുള്ള അവസരവുമല്ല ഇത്. ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ മുമ്പും നമ്മൾ എതിർത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനുള്ള അവസരമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞിട്ടുണ്ട്. -ചെന്നിത്തല പറഞ്ഞു.
ഇടതുപക്ഷത്തിന്റെ കൈയിൽ പണം കൊടുക്കേണ്ടതില്ലെന്നും കോൺഗ്രസ് വഴിയാണ് പണം നൽകേണ്ടതെന്നും കെ. സുധാകരൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.