മന്ത്രിസഭ പൂർണമായും അഴിച്ചുപണിയില്ല; മതനിരപേക്ഷ പാർട്ടിയാണെങ്കിൽ ലീഗിന് യു.ഡി.എഫിൽ തുടരാനാവില്ല - എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ വലിയ അഴിച്ചുപണിയുണ്ടാവില്ലെന്ന സൂചന നൽകി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിസഭ പൂർണമായും അഴിച്ചുപണിയില്ലെന്ന് ഗോവിന്ദൻ മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്റെ പ്രവർത്തനം ഒന്നാമത്തേതുമായി താരതമ്യം ചെയ്യുമ്പോൾ മോശമല്ല. മന്ത്രിമാർക്കെതിരെ സി.പി.എമ്മിൽ വിമർശനമുയർന്നത് സ്വാഭാവികമാണ്. വിമർശനങ്ങളില്ലെങ്കിൽ സി.പി.എമ്മില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിലിൽ നിന്നും സർക്കാർ പിന്നോട്ട് പോവില്ല. കേന്ദ്രസർക്കാറിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാവു. കെ-റെയിൽ കേരളത്തിന് അനിവാര്യമായ പദ്ധതിയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസല്ല മുസ്‍ലിം ലീഗാണ് യു.ഡി.എഫിന്റെ നട്ടെല്ല്. മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. മതേതര പാർട്ടിയാണ് മുസ്‍ലിം ലീഗെങ്കിൽ അവർക്ക് യു.ഡി.എഫിൽ തുടരാനാവില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഗവർണറും സർക്കാറും തമ്മിലുണ്ടായ അസ്വാരസ്യങ്ങളിലും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരണം നടത്തി. നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ബില്ലിൽ ഒപ്പിടാതെ ഗവർണർക്ക് മുന്നോട്ട് പോകാനാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - League cannot stay with UDF if it is a secular party - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.