കൊച്ചി: കെ. സുധാകരനെ ചാരി മുസ്‍ലിം ലീഗ് ഇടതു മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലീഗ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ലീഗാണോ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂല പരാമർശത്തിനെതിരെ മുസ്‍ലിം ലീഗ് നേതാക്കൾ രംഗത്തെത്തിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്‍.യു നേതാവായിരിക്കെ സി.പി.എം ആക്രമണങ്ങളില്‍നിന്ന് ആർ.എസ്.എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്‍റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. യു.ഡി.എഫിനുള്ളിൽ തന്നെ ഇത് കടുത്ത അതൃപ്തിയുണ്ടാക്കി. ഇതിന് പിന്നാലെ ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദമായി. വർഗീയ ഫാഷിസത്തോട് പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസ്സാണ് ജവഹർലാൽ നെഹ്റുവിന്റേതെന്നായിരുന്നു ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ ഡി.സി.സി നടത്തിയ നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞത്. ആർ.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ നെഹ്റു മനസ്സ് കാണിച്ചു. കോൺഗ്രസുകാരനല്ലാത്ത ഡോ. ബി.ആർ. അംബേദ്കറെ നിയമമന്ത്രി ആക്കിയതും നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെ തെളിവാണ്. ഒരു നേതാവും ഇതൊന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ തനിക്ക് വാക്കുപിഴ സംഭവിച്ചതാണെന്ന വിശദീകരണവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു.
ഇതോടെ സുധാകരനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്‍ലിംലീഗിലെ എം.കെ. മുനീർ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. ചരിത്രം മുഴുവൻ വായിക്കാതെയാണ് കെ.പി.സി.സി പ്രസിഡന്റ് വിവാദ പ്രസ്താവനകൾ നടത്തുന്നതെന്നായിരുന്നു മുനീറിന്റെ വിമർശനം. സുധാകരനിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ പലരെയും പ്രകോപിപ്പിക്കുന്നതും ഫാഷിസ്റ്റ് ശക്തികൾക്ക് സന്തോഷം പകരുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പ്രസ്താവനയിൽ മുസ്‍ലിം ലീഗിനുള്ള അതൃപ്തി യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചെന്ന് എം.കെ മുനീർ പിന്നീട് അറിയിച്ചു. ആലോചിച്ച് മറുപടി പറയാമെന്നാണ് നേതൃത്വം പ്രതികരിച്ചത്. നാളെ പാണക്കാട് ചേരുന്ന ലീഗ് യോഗം വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി മുസ്‍ലിം ലീഗിന് മുന്നണി വിടേണ്ട സാഹചര്യമൊന്നും ഉണ്ടാവുന്നില്ല. ലീഗ് മുന്നണി വിടുമെന്നത് സി.പി.എമ്മിന്‍റെ നടക്കാത്ത സ്വപ്നമാണെന്നും മുനീർ വ്യക്തമാക്കി.
മുസ്‍ലിം ലീഗ് കണ്ണൂർ ജില്ല ജന. സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ സുധാകരൻ സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാൻ കഴിയാത്തയാളല്ല അദ്ദേഹമെന്നായിരുന്നു വിമർശനം. 'പാർട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തി നോവിക്കാൻ രാഷ്ട്രീയ ശത്രുക്കൾക്ക് വടി കൊടുക്കുന്നത് എന്തിന്റെ പേരിലായാലും നല്ലതല്ല. നാഥുറാം വിനായക് ഗോഡ്സെയെ വെള്ളപൂശുന്ന ആർ.എസ്.എസിനെ ഏത് ജനാധിപത്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേരിലായാലും സംരക്ഷിക്കേണ്ട ബാധ്യതയൊന്നും ഭാരതത്തിലെ പൗരൻമാർക്കില്ല. നെഹ്റുവിനെ കൂട്ടുപിടിച്ച് വർഗീയ ഫാഷിസത്തോട് സന്ധിചെയ്യാൻ ആരായാലും പാലം പണിയേണ്ടതുമില്ല' എന്നിങ്ങനെയായിരുന്നു അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.
യു.ഡി.എഫിൽ തുടരണോയെന്ന് മുസ്‌ലിം ലീഗ് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസിനെ വെള്ളപൂശാൻ കെ.പി.സി.സി പ്രസിഡന്റ് ശ്രമിക്കുമ്പോൾ ലീഗ് നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള യു.ഡി.എഫിൽ തുടരാനാകുമോ എന്ന് മുസ്‌ലിം ലീഗ് പരിശോധിക്കണം. യു.ഡി.എഫ് വിടണോയെന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.