കൊച്ചി: എതിരെ വരുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി എൽ.ഇ.ഡി - ലേസർ ലൈറ്റുകളും അലങ്കാരങ്ങളും ഘടിപ്പിച്ച വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹൈകോടതി.
സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്കെതിരെയും യാത്രക്കിടെ, വാഹനങ്ങളുടെ ഡ്രൈവർ കാബിനിൽ പ്രമോഷനൽ വിഡിയോ ചിത്രീകരിച്ചാൽ ഉടമക്കും ഡ്രൈവർക്കുമെതിരെയും കർശന നടപടി സ്വീകരിക്കണം. ഇൻഡിക്കേറ്ററും സ്റ്റോപ് ലൈറ്റും ഇല്ലാത്ത വാഹനങ്ങളെ നിരത്തിലിറക്കാൻ അനുവദിക്കരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പൊലീസിനും മോട്ടോർവാഹന വകുപ്പിനും നിർദേശം നൽകി. ഓരോ നിയമലംഘനത്തിനും 5000 രൂപവീതം പിഴ ചുമത്തണമെന്നും ഉത്തരവിൽ പറയുന്നു.
ശബരിമല തീർഥാടക വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നിയമലംഘനങ്ങളുടെ വിഡിയോ തുറന്ന കോടതിയിൽ പ്രദർശിപ്പിച്ചു.
തീർഥാടകരുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവർ സ്റ്റിയറിങ്ങിൽനിന്ന് കൈയെടുക്കുന്നതും ബ്ലൂ ടൂത്തിൽ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. യാത്രക്കാർ ഇരിക്കുന്ന ഭാഗത്തെ ലൈറ്റുകളും അലങ്കാരങ്ങളും കണ്ടാൽ ഡി.ജെ ഫ്ലോർ പോലെയുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശങ്ങൾ നൽകണം.
ശബരിമല സർവിസ് നടത്തുന്ന ചില കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരു പാർക്കിങ് ലൈറ്റേ ഉള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാചട്ടങ്ങൾ പാലിക്കുന്നതിൽ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള പല വാഹനങ്ങളും വീഴ്ച വരുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. വിശദീകരണത്തിന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ സാവകാശം തേടിയതിനെത്തുടർന്ന് ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.