ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ നേതാക്കൾക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഒരുക്കിയ സ്വീകരണ പരിപാടി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യനീതിയെ അട്ടിമറിച്ച് ഇടത്​ - വലത്​ മുന്നണികൾ ഫാഷിസത്തിന് കളമൊരുക്കുന്നു -ഹമീദ് വാണിയമ്പലം

കോഴിക്കോട്: പരമ്പരാഗത പാർട്ടികൾ ഫാഷിസത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് കാമ്പയിനാണ് കഴിഞ്ഞുപോയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. സാമൂഹ്യനീതിയെ അട്ടിമറിച്ച് ഹിന്ദുത്വ ഫാഷിസത്തിന് കളമൊരുക്കാനാണ് ഇടത്​ - വവലത്​ മുന്നണികൾ ശ്രമിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ നേതാക്കൾക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഒരുക്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസുമായുള്ള ഇടതുപക്ഷത്തിന്‍റെ രഹസ്യബന്ധം ഏറെക്കുറെ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. സംഘ്പരിവാർ നേതാക്കളും സഹയാത്രികരും ഇടതുപക്ഷവുമായുള്ള തങ്ങളുടെ ഡീലിനെ കുറിച്ച് തുറന്നുസമ്മതിച്ച സാഹചര്യത്തിൽ കേരള ജനതയോട് മാപ്പ് പറയാൻ സി.പി.എം തയാറാകണം. ഹിന്ദുത്വ അജണ്ടയുടെ ഭാഷയും രീതിയും കടം കൊണ്ടാണ് ഇടത്​ - വലത്​ മുന്നണികൾ ഫാഷിസത്തെ പ്രതിരോധിക്കുന്നുവെന്ന് ഊറ്റം കൊള്ളുന്നത്.

എന്നാൽ, ഫാഷിസത്തിന്‍റെ സാംസ്കാരിക അധിനിവേശത്തിന് കളമൊരുക്കുകയാണ് ഇടതുപക്ഷത്തിന്‍റെ ആഭ്യന്തരവകുപ്പിലെ കെടുകാര്യസ്ഥതയിലൂടെ സംഭവിച്ചത്. അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണികൾക്ക് കഴിഞ്ഞിട്ടില്ല.

കേവലം വികസനത്തെക്കുറിച്ച് മാത്രമുള്ള ചർച്ചകൾ സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിക്കാതെയുള്ളതാണ്. സാമൂഹ്യനീതിയെക്കുറിച്ചുള്ള ഗൗരവപ്പെട്ട ചർച്ചകൾ മാത്രമാണ് ഫാഷിസത്തെ തകർക്കുക എന്ന യാഥാർഥ്യം മറച്ചുവെച്ചുകൊണ്ടാണ് ഇരുമുന്നണികളും പ്രവർത്തിച്ചുവരുന്നത്. സാമൂഹ്യ നീതിക്ക്​ വേണ്ടിയുള്ള പോരാട്ടത്തിൽ വെൽഫെയർ പാർട്ടി രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി സ്വീകരണറാലി

ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ദേശീയ നേതാക്കൾക്ക് കേരളത്തിലെ വിദ്യാർഥി യുവജനങ്ങളുടെ പ്രൗഢഗംഭീര സ്വീകരണം ഒരുക്കിക്കൊണ്ട് കോഴിക്കോട് നഗരത്തിൽ ഉജ്ജ്വലമായ സ്വീകരണറാലി സംഘടിപ്പിച്ചു. അയ്യായിരത്തോളം വരുന്ന പ്രതിനിധികൾ അണിനിരന്ന സ്വീകരണ ജാഥ അക്ഷരാർത്ഥത്തിൽ നഗരത്തെ സ്തംഭിച്ചു. ദേശീയ പ്രസിഡൻറ് ഷംസീർ ഇബ്രാഹിം, സംസ്ഥാന പ്രസിഡൻറ് നജ്ദ റൈഹാൻ എന്നിവരെ നയിച്ചുകൊണ്ടുള്ള തുറന്ന ജീപ്പിലെ യാത്രയും സ്വീകരണ റാലിയിൽ ഉണ്ടായിരുന്നു.

ഹിന്ദുത്വ സർക്കാറിന് താക്കീതായും വിദ്യാഭ്യാസ മേഖലയിലെ സംവരണ അട്ടിമറിക്കെതിരെയും ഇടതുപക്ഷ യുവജന വഞ്ചനക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ കോഴിക്കോട് നഗരത്തിൽ കടന്നുപോയത്. കോഴിക്കോട് സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച സ്വീകരണറാലി മാവൂർ റോഡിലൂടെ പൊതുസമ്മേളന നഗരിയായ മുതലക്കുളം മൈതാനിയിൽ സമാപിച്ചു.


കോഴിക്കോട്​ നടന്ന റാലി


മുതലക്കുളം മൈതാനിയിൽ നടന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്‌തു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ദേശീയ പ്രസിഡൻറ് ഷംസീർ ഇബ്രാഹിം മുഖ്യാതിഥിയായി. ഇന്ത്യൻ കാമ്പസുകളിൽ സാഹോദര്യ രാഷ്ട്രീയത്തിന്‍റെ പുതിയ തുറസുകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ പ്രക്ഷോഭത്തിന് ഒരു സംഘടന എന്ന നിലയിൽ നേതൃത്വം കൊടുത്തത് ഫ്രറ്റേണിറ്റി മൂവ്മെന്‍റാണ്. പൗരത്വ പ്രക്ഷോഭ സമരത്തിൽ ഐതിഹാസികമായ അടയാളപ്പെടുത്തലായിരുന്നു കേരളത്തിൽ നടന്ന എയർപോർട്ട് ഉപരോധം. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയും ഹിന്ദുത്വ ഫാസിസത്തിന്‍റെ വംശീയ ഉന്മൂലന രാഷ്ട്രീയത്തിനെതിരെയും ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ശക്തമായി നിലകൊള്ളുമെന്ന് ഷംസീർ ഇബ്രാഹിം പറഞ്ഞു.

പൗരത്വ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളികൾ ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ പുതിയ ദേശീയ നേതൃത്വത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. കാമ്പസുകളിൽനിന്ന് പിറവി കൊണ്ട പൗരത്വ പ്രക്ഷോഭത്തിൽ നേതൃപരമായ പങ്കുവഹിക്കുകയും സംഘ്പരിവാർ പൊലീസിനെതിരെ ധൈര്യപൂർവം പ്രതികരിക്കുകയും ചെയ്ത് ഐക്കണായി മാറിയ ഐഷ റെന്ന ഫ്രറ്റേണിറ്റിയുടെ പുതിയ ദേശീയ സെക്രട്ടറിയാണ്. ഡൽഹി പൊലീസും യു.പി പൊലീസും നിരന്തരം വേട്ടയാടുകയും സംഘ്പരിവാർ നിർമിച്ചെടുത്ത കെട്ടുകഥകൾ ഉപയോഗിച്ച് വ്യാജ കേസുകൾ ചുമത്തപ്പെട്ടതിന്‍റെ പേരിൽ മാസങ്ങളോളം ജയിൽവാസം അനുഷ്ഠിക്കേണ്ടി വരികയും ചെയ്ത ഷർജിൽ ഉസ്മാനിയും ഫ്രറ്റേണിറ്റിയുടെ ദേശീയ നേതൃത്വത്തിലുണ്ട്.

ജെ.എൻ.യുവിൽ സംഘ്പരിവാറിനെതിരെ ശക്തമായ പ്രതിരോധം തീർത്ത വിദ്യാർത്ഥി നേതാവായ വസീം ആർ.എസും ദേശീയ നേതൃത്വത്തിലുണ്ട്. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ആസിം, അബൂ ജഅഫർമുല്ല എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തിന്‍റെ ഭാഗമായി സംഘ്പരിവാറും ഇടതുപക്ഷവും ചേർന്ന്​ കെട്ടിച്ചമച്ച ലവ് ജിഹാദിനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത് പ്രമേയം അവതരിപ്പിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെൻറ് മുൻ ദേശീയ പ്രസിഡൻറ് ഡോ. അൻസാർ അബൂബക്കർ, വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ്, എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ നേതാക്കളായ അബുൽ ആല സുബ്ഹാനി, അയിഷ റെന്ന, അഫ്രീൻ ഫാത്തിമ, മുഹമ്മദലി വേളം, ഫിർദൗസ് ബാർബുറിയ, സാന്ദ്ര എം.ജെ, ഷർജീൽ ഉസ്മാനി, വസീം ആർ.എസ് എന്നിവർ സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ചു. പരിപാടിയിൽ ടീം ഗുൽസാംപിഫികേഷന്‍റെ റാപ്പ് മ്യൂസിക് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.കെ. അഷ്റഫ് സ്വാഗതവും എസ്. മുജീബ്റഹ്മാൻ സമാപന പ്രഭാഷണവും നടത്തി.

Tags:    
News Summary - Left and right fronts pave the way for fascism by overthrowing social justice - Hameed Vaniyambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.