ഹർത്താൽ അക്രമത്തിന് ഇടത് സർക്കാരും ഉത്തരവാദി, ആർ.എസ്.എസ് സമാധാന സംഘടന -പ്രകാശ് ജാവഡേക്കർ

തിരുവനന്തപുരം: പോപുലർഫ്രണ്ട് ഹർത്താലിനിടെ സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്ക് കേരളത്തിലെ ഇടതുസർക്കാറും ഒരുപോലെ ഉത്തരവാദിയാണെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എം.പി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

യു.പി.എ സർക്കാർ ഭരിക്കുമ്പോൾ മിക്ക നഗരങ്ങളിലും ബോംബ് സ്ഫോടനങ്ങൾ നിത്യസംഭവമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു സ്ഫോടനം പോലുമുണ്ടാകാത്തത് മോദിസർക്കാർ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണ്. ഹർത്താൽ ദിനം കേരളത്തിൽ കറുത്ത ദിനമായിരുനു. ജനങ്ങൾ തടവിലായി. നൂറ്കണക്കിന് വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. കാട്ടാളത്ത ആക്രമണമാണ് നടത്തിയത്. ഇതിനെല്ലാം സംസ്ഥാന സർക്കാർ മറുപടി പറയണം -അദ്ദേഹം ആവശ്യ​പ്പെട്ടു.

ആർ.എസ്.എസ് സമാധനപരമായി പ്രവർത്തിക്കുന്ന സംഘടനയാണ്. കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ പോപുലർഫ്രണ്ട് കൊലപ്പെടുത്തിയ 11 പേരിൽ ഏഴ് പേരും ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരാണ്. കോൺഗ്രസിന്റെ പദയാത്രയിൽ ഒരു സന്ദേശവും ഇല്ല. ഇന്ത്യ നേരത്തെ തന്നെ ഒന്നാണ്. പലരെയും കാണാൻ രാഹുൽഗാന്ധിക്ക് സമയമില്ല. നാർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ആശങ്ക പങ്കുവച്ച പാലാ ബിഷപിനെ കാണാൻ പോലും സമയമില്ല -പ്രകാശ് ജാവഡേക്കർ പറഞ്ഞു.

പല സംസ്ഥാനങ്ങളിലേയും പോപുലർഫ്രണ്ട് ഓഫിസുകളിൽ റെയ്ഡും അറസ്റ്റും നടന്നു. എന്നാൽ കേരളത്തിൽ മാത്രമാണ് ഹർത്താലും ആക്രമണങ്ങളുമുണ്ടായത്. ജനങ്ങളുടെ ജീവന് മതിയായ സംരക്ഷണം നൽകാനും സർക്കാർ പരാജയപ്പെട്ടു. സി.പി.എമ്മും പോപുലർഫ്രണ്ടും പരസ്പരം സഹായിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ സി.പി.എമ്മിന് പോപുലർഫ്രണ്ടിന്‍റെ പിന്തുണ ലഭിക്കുന്നുണ്ട്.

സി.പി.എം എം.പി എ.എം. ആരിഫിന്‍റെ പ്രസ്താവന പോപുലർഫ്രണ്ടിനെ സഹായിക്കുന്നതാണ്. ഏകപക്ഷീയമായ ആക്രമണമെന്ന് പറയാൻ അദ്ദേഹം കോടതിയാണോ. സി.പി.എം ആ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുമില്ല. പോപുലർ ഫ്രണ്ടിന്‍റെ ആക്രമണങ്ങളെ സി.പി.എമ്മും കോൺഗ്രസും തള്ളിപ്പറഞ്ഞിട്ടില്ല. പോപുലർഫ്രണ്ടിന്‍റെ പേര് പറയാൻ എന്താണ് മടിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. തെരഞ്ഞെടുപ്പിൽ കെ. സുധാകരനും പോപുലർഫ്രണ്ട് സഹായം ലഭിച്ചിട്ടുണ്ട്. എൻ.ഐ.എ അക്കാര്യങ്ങളെല്ലാം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.

തീവ്രവാദത്തെ അമർച്ച ചെയ്യാനുള്ള നടപടികളാണ് മോദി സർക്കാർ കൈക്കൊള്ളുന്നത്. അതിന്‍റെ ഫലമായി മാവോയിസ്റ്റ് പ്രവർത്തനം വളരെക്കുറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന പ്രചാരണം തെറ്റാണ്. തീവ്രവാദികൾക്കെതിരെയുള്ള നടപടിയാണിത്. ന്യൂനപക്ഷങ്ങളെല്ലാം തീവ്രവാദികളാണെന്ന നിലപാട് ബി.ജെ.പിക്കില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ജന.സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാപ്രസിഡന്‍റ് വി.വി. രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - Left government also responsible for PFI harthal cases, RSS is a pacifist organization -Prakash Javadekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.