ഇടതു സർക്കാർ പൗരാവകാശ പ്രവർത്തകരെ വേട്ടയാടുന്നു -വെൽഫെയർ പാർട്ടി

കോഴിക്കോട്: ആർ.എസ്.എസിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നവരെയും പൗരാവകാശ പ്രവർത്തകരെയും രാഷ്ട്രീയ സംഘട്ടനങ്ങളെ ചെറുക്കാനെന്ന പേരിൽ പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത മുസ്‌ലിം ചെറുപ്പക്കാരെയും കേരള പൊലീസ് വേട്ടയാടുകയാണെന്ന് വെൽഫയൽ പാർട്ടി നേതാക്കൾ. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളെ ലക്ഷ്യം വെച്ച് കേരള പൊലീസാണ് ആർ.എസ്.എസിനെതിരെ പ്രതികരിച്ചവർക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും നിരവധി പേരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.

ഇത്തരം പല കേസുകളിലും പരാതിക്കാരൻ ആരെന്ന് വ്യക്തമാക്കാതെയാണ് എഫ്.ഐ.ആർ ഉള്ളത്. സുവോമോട്ടോ കേസാണോ എന്നതും വ്യക്തമല്ല. സമാനമായി ഐ.പി.സി 153 ചുമത്തിയ നിരവധി കേസുകൾ പരാതിക്കാരൻ ആരെന്ന് വ്യക്തമല്ലാതെ പല സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപകാലത്ത് കേരളത്തിൽ വ്യാപകമായ ഗുണ്ടാ ആക്രമണങ്ങളുടെ തുടർച്ചയെ പ്രതിരോധിക്കാനെന്ന പേരിൽ രൂപപ്പെടുത്തിയ ഓപ്പറേഷൻ കാവൽ എന്ന പുതിയ പൊലീസ് പദ്ധതിയിൽ മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ള പൗരാവകാശ പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷണ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതു വ്യാപകമാണ്.

പൗരത്വ സമരത്തോടനുബന്ധിച്ച കേസുകളെല്ലാം പിൻവലിക്കും എന്ന് പറഞ്ഞതു പോലും പാലിക്കാതെ യു.പിയിലും ഡൽഹിയിലുമൊക്കെ ചെയ്തതുപോലെ പൗരത്വ സമരക്കാരെ ക്രിമിനലുകളായി മുദ്രകുത്താനുള്ള നീക്കങ്ങളാണ് പൊലീസ് നടത്തുന്നത്. ആർ.എസ്.എസിനെതിരെ നിലപാടെടുക്കുന്നവരെയും പൗരാവകാശ പ്രവർത്തകരെയും പൊലീസ് വേട്ടയാടുന്നത് ഇടതു സർക്കാറിന്‍റെ പൊലീസ് നയത്തിന്‍റെ ഭാഗമാണ്. ഇസ്ലാമോഫോബിയ പരത്തി വംശീയ വിദ്വേഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സി.പി.എം സോഷ്യൽ എൻജിനീയറിങ്ങിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു പൊലീസ് നയം സർക്കാർ രൂപപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സേനയിൽ ആർ.എസ്.എസ് നുഴഞ്ഞു കയറി എന്ന സിപിഎം പ്രചാരണം അവരുടെ പൊലീസ് നയത്തിന് മറയിടാനാണ്.

ബോധപൂർവമാണ് ഇടതു സർക്കാർ പൊലീസിൽ ആർ.എസ്.എസ് നിലപാടുകൾക്ക് അവസരമൊരുക്കുന്നത്. കേരളത്തിൽ നില നിന്ന സാമുദായിക സൗഹാർദ്ദത്തിന് പ്രധാന കാരണങ്ങളിലൊന്ന് നിഷ്പക്ഷമായ പൊലീസ് സംവിധാനമായിരുന്നു. അതിനെ സംഘ്പരിവാറിന് വേണ്ടി പൂർണമായും വിട്ടുകൊടുത്ത എൽ.ഡി.എഫിന്‍റെ പൊലീസ് നയം കേരളത്തെ കൂടുതൽ കലുഷിതമാക്കും. വാർത്തസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സമിതി അംഗവും കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയുമായ ടി.കെ. മാധവൻ, മീഡിയ സെക്രട്ടറി മുസ്തഫ പാലാഴി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Left government hunts down civil rights activists - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.