പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ കത്ത് വിവാദത്തിൽ കുടുങ്ങി ഇടതു-വലത് മുന്നണികൾ. വിവാദത്തിൽനിന്ന് തലയൂരാന്‍ രണ്ട് മുന്നണികളും ശ്രമിക്കുമ്പോഴും സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പിയിലെ ഒരു വിഭാഗം.
1991ല്‍ പാലക്കാട് മുനിസിപ്പല്‍ ചെയർമാനായിരുന്ന സി.പി.എമ്മിലെ എം.എസ്. ഗോപാലകൃഷ്ണൻ ബി.ജെ.പി ജില്ല അധ്യക്ഷനോട് പിന്തുണ അഭ്യർഥിച്ച് അയച്ച കത്താണ് കഴിഞ്ഞ ദിവസം ബി.ജെ.പി കേന്ദ്രങ്ങൾ പുറത്തുവിട്ടത്. ഈ കത്ത് എൽ.ഡി.എഫിന് എതിരെയുള്ള ആയുധമാക്കാൻ യു.ഡി.എഫ് കേന്ദ്രങ്ങൾ ശ്രമിക്കുമ്പോഴാണ് കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയെന്ന് കാണിച്ച് എ.ഐ.സി.സിക്ക് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഏകപക്ഷീയ നടപടികളാണ് സ്ഥാനാർഥി നിർണയത്തിന് പിന്നിലെന്നും ഇത് കോൺഗ്രസിന് തിരിച്ചടിയായതായും നേതാക്കൾ പരാതിയിൽ പറയുന്നു. ജില്ലയിലെ കോൺഗ്രസ് നേതൃത്വവും തലമുതിർന്ന നേതാവും സ്ഥാനാർഥി നിർണയത്തിലെ അസംതൃപ്തി പുറത്തുകാണിക്കുന്നതാണ് കത്ത് വിവാദത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പിനായി വടകരയിലേക്ക് വണ്ടികയറിയ ഉടനെ തന്റെ പിൻഗാമിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതും അത് നടപ്പാക്കിയതുമാണ് ജില്ലയിലെ നേതൃത്വത്തെ ചൊടിപ്പിച്ചത്. അതേസമയം, കത്ത് വിവാദം തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് ബി.ജെ.പി കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.