തൃശൂര്‍: മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന് സംഗീതലോകത്തിന്റെ ആദരാഞ്ജലി. ഭൗതിക ശരീരം പൂങ്കുന്നത്തെ വീട്ടിൽ നിന്ന് 11 മണിയോടെ തൃശൂർ സംഗീത അക്കാദമി ഹാളിലെത്തിച്ചു. നിരവധി പേരാണ് ആക്കാദമി ഹാൾ പരിസരത്ത് ആദരാഞ്ജലി അർപ്പിക്കാനായി എത്തിച്ചേർന്നത്. പൊതുദർശനത്തിന് ശേഷം മൃതദേഹം പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകും.
ശനിയാഴ്ച ഒമ്പത് മുതൽ 12 വരെ നോർത്ത് പറവൂർ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ട് മൂന്നിന് പാലിയത്ത് തറവാട്ട് വീട്ടിലാണ് സംസ്കാര ചടങ്ങ്.
അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന മലയാളത്തിലെ പ്രിയ ഗായകൻ വ്യാഴാഴ്ച രാത്രി 7.54നാണ് ലോകത്തോട് വിടചൊല്ലിയത്.
ഗവർണർ, മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി. ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരവും ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.
1944 മാര്‍ച്ച് മൂന്നിന് തൃപ്പൂണിത്തുറ കോവിലകത്തെ രവിവര്‍മ കൊച്ചനിയന് തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി എറണാകുളത്താണ് ജയചന്ദ്രന് ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്ക് താമസം മാറി. ചേന്ദമംഗലത്തെ പാലിയം സ്കൂള്‍, ആലുവ സെന്റ് മേരീസ് ഹൈസ്കൂള്‍, ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം മദ്രാസില്‍ സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. പ്രായത്തിന്റെ അസ്വസ്ഥതകളിലും ശബ്ദത്തിലെ യൗവനമായിരുന്നു ജയചന്ദ്രന്റെ പ്രത്യേകത. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി ഭാഷകളിലായി തലമുറകള്‍ നെഞ്ചേറ്റിയ 16000ത്തിലധികം ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. രാമനാഥന് മാഷാണ് സംഗീതത്തില്‍ ആദ്യ ഗുരു; സിനിമയില്‍ ദേവരാജന്‍ മാസ്റ്ററും. സ്കൂള്‍ യുവജനോത്സവത്തില്നിന്നായിരുന്നു തുടക്കം.
1958ലെ ആദ്യ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തില്‍ ഒന്നാമനായും ലളിതസംഗീതത്തില്‍ രണ്ടാമനായും ഇരിങ്ങാലക്കുട നാഷനല്‍ സ്കൂളിലെ പി. ജയചന്ദ്രന് ശ്രദ്ധ നേടി.
1965ല്‍ മദ്രാസിലെത്തി. ഇന്ത്യ-പാക് യുദ്ധഫണ്ടിനായി എം.ബി. ശ്രീനിവാസന് നടത്തിയ ഗാനമേളയില്‍ യേശുദാസിന് പകരക്കാരനായി ‘പഴശ്ശിരാജ’യിലെ ‘ചൊട്ട മുതല്‍ ചുടല വരെ’ പാടിയത് വഴിത്തിരിവായി.
1965ല്‍ പുറത്തിറങ്ങിയ ‘കുഞ്ഞാലി മരയ്ക്കാര്‍’ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ആദ്യ ചുവടുവെപ്പ്. 'ഒരു മുല്ലപ്പൂ മാലയുമായി' എന്നു തുടങ്ങുന്നതായിരുന്നു ആദ്യ ഗാനം. ജി. ദേവരാജന്‍ സംഗീതം ചെയ്ത ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ജയചന്ദ്രനെ കൂടുതല്‍ ജനപ്രിയനാക്കി. 1986ല്‍ പുറത്തിറങ്ങിയ ‘ശ്രീനാരായണ ഗുരു’ എന്ന ചിത്രത്തിലെ ‘ശിവശങ്കരാ സര്‍വ’ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം തേടിയെത്തി. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2021ല്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരവും ലഭിച്ചു. കൂടാതെ തമിഴ്നാട് സര്‍ക്കാറിന്റെ പുരസ്കാരവും നേടി. ഭാര്യ: ലളിത. മക്കള്‍: ലക്ഷ്മി, ദിനനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.