രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എഫ്‌.ഐ പ്രവർത്തകർക്ക് പൊലീസ് ഒത്താശ ചെയ്യുകയും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയുമാണെന്ന് അടിയന്തരപ്രമേയ നോട്ടീസിൽ ആരോപിക്കുന്നു. ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം.

15ാം കേരള നിയമസഭയുടെ ഒരുമാസം നീളുന്ന അഞ്ചാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളാൽ ആദ്യദിനംതന്നെ സഭാതലം പ്രക്ഷുബ്ധമാകുമെന്നുറപ്പ്. പി.ടി. തോമസിന്‍റെ പ്രസംഗങ്ങൾ ഇടിമുഴക്കംപോലെ മുഴങ്ങിയ സഭ ഹാളിലേക്ക് സമ്മിശ്ര വികാരങ്ങളുമായി തൃക്കാക്കര എം.എൽ.എ ഉമാ തോമസ് കടന്നുവരും. തൃക്കാക്കര സമ്മാനിച്ച വിജയമധുരം പ്രതീക്ഷിച്ചതിലധികം ഉൾക്കൊണ്ടാണ് പ്രതിപക്ഷമെത്തുന്നത്.

ഒരുമാസത്തേക്കുള്ള ആയുധം പ്രതിപക്ഷത്തിന് കൈവെള്ളയിൽ വെച്ചുകൊടുത്താണ് ഭരണപക്ഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെത്തുന്നത്. ദേശീയതലത്തിൽ ഇടതുപക്ഷത്തിന് അപമാനമായ കൽപറ്റയിലെ രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമണവും വാഴ നടലും ഉയർത്തി സംസ്ഥാനത്തെമ്പാടും പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷം അതുന്നയിച്ചുതന്നെ ആദ്യ ദിവസം സഭ ഇളക്കിമറിച്ചേക്കും.

സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച മുഖ്യമന്ത്രിയുടെ വിശദീകരണവും സി.പി.എം പ്രതിരോധവും ഒരുക്കിയാണ് ഭരണപക്ഷമെത്തുന്നത്. തിങ്കളാഴ്ച ചോദ്യോത്തരവേളയിൽതന്നെ ബാനർ ഉയർത്തി പ്രതിഷേധ പാതയിലേക്ക് പ്രതിപക്ഷം തിരിഞ്ഞാൽ സഭ നടത്തിപ്പ് സ്പീക്കർക്ക് പരീക്ഷണമാവും. ചോദ്യോത്തരവേളയിൽ നക്ഷത്രചിഹ്നമുള്ള രണ്ടു ചോദ്യങ്ങൾ സ്വർണക്കടത്തിനെക്കുറിച്ചാണ്. ഏഴാമത്തെ ചോദ്യം പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും 11ാമത്തേത് ഭരണപക്ഷത്തിനായി ഐ.ബി. സതീഷും ഉന്നയിക്കും.

അതുവരെ സഭ നടപടി തുടരുമോയെന്ന് കണ്ടറിയണം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണം വരുംദിവസങ്ങളിലും പ്രതിപക്ഷത്തിന്‍റെ മൂർച്ചയുള്ള ആയുധമാവും. ഭരണമുന്നണിക്ക് പോറലേൽക്കുമോ രക്തം വീഴുമോയെന്നത് മുഖ്യമന്ത്രിയുടെ പ്രതിരോധത്തെ അടിസ്ഥാനമാക്കിയായിരിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്‍റെ ഊക്കും നാക്കും പ്രതിപക്ഷ നേതാവ് ഭരണപക്ഷത്തിനു നേരെ പ്രയോഗിക്കുമെന്നുറപ്പ്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ ആക്രമണ ശ്രമത്തിൽ പിടിച്ചാകും ഭരണപക്ഷത്തിന്‍റെ പ്രത്യാക്രമണം.

Tags:    
News Summary - Legislative Assembly from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.