ഓർഡിനൻസ് പ്രതിസന്ധി മറികടക്കാൻ നിയമസഭ സമ്മേളനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെക്കാത്തതിനെ തുടർന്ന് 11 ഓർഡിനൻസുകൾ അസാധുവായ സാഹചര്യത്തിൽ അവ നിയമമാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ രണ്ട് വരെ പത്ത് ദിവസമാണ് സഭ ചേരുക. നിയമസഭ വിളിക്കാൻ മന്ത്രിസഭ ഗവർണർക്ക് ശിപാർശ നൽകും.

ലോകായുക്ത ഭേദഗതി അടക്കം സുപ്രധാന ഓർഡിനൻസുകൾ പുനർവിളംബരത്തിന് ഗവർണർ തയാറാകാത്തത് സർക്കാറിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.

അതേസമയം ഓർഡിനൻസുകൾ പുതുക്കാനുള്ള നീക്കത്തിൽ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഓർഡിനൻസുകൾ പഠിക്കാൻ സമയം വേണമെന്നും താൻ ആരുടെയും നിയന്ത്രണത്തിലല്ല പ്രവർത്തിക്കുന്നതെന്നും വ്യക്തമായ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ നിയമസഭ വിളിച്ചത് ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കമാണെന്ന വിലയിരുത്തലുണ്ട്.

എന്നാൽ നിയമസഭ സമ്മേളനം ചേരുന്നത് ഗവർണറെ അനുനയിപ്പിക്കാനല്ലെന്ന് നിയമ മന്ത്രി പി. രാജീവ് പ്രതികരിച്ചു. ഒക്ടോബറിൽ ചേരേണ്ട സമ്മേളനം പ്രത്യേക സാഹചര്യത്തിൽ നേരത്തെയാക്കുകയാണ് ചെയ്യുന്നത്. ഓർഡിനൻസുകളുമായി മുന്നോട്ടുപോകാനില്ലെന്നും മന്ത്രി പറഞ്ഞു. ഗവർണറുടെ അംഗീകാരത്തിന് സമർപ്പിച്ച 11 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കും.

ഗവർണർ ഒപ്പിടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും തീരുമാനമെടുത്ത് തിരിച്ചയക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയാണ് സർക്കാറിന് മുന്നിലുള്ള മാർഗം. സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കത്തെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് ഗവർണർ നീങ്ങിയതെന്നാണ് സൂചന. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്തതും ഈ വിഷയത്തിൽ പരസ്യവിമർശനം നടത്തിയതും അസാധാരണ സാഹചര്യം സൃഷ്ടിച്ചതായി മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

ഓർഡിനൻസുകൾ ബില്ലായി പാസാക്കിയ ശേഷം ഗവർണർക്ക് അനുമതിക്കായി നൽകും. സഭ പാസാക്കിയ ബില്ലുകളിൽ സാധാരണഗതിയിൽ ഗവർണർ അനുമതി നിഷേധിക്കാറില്ല.

Tags:    
News Summary - Legislative session to overcome ordinance crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.