കൂട്ടംകൂടി തന്നെ ആക്രമിക്കുകയാണെന്നും ജീവിക്കാൻ അനുവദിക്കൂവെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തന്നെ വീണ്ടും വീണ്ടും ദ്രോഹിക്കുകയാണ്. എല്ലാത്തിനും പിന്നില്‍ എം. ശിവശങ്കറാണെന്നും തകർക്കാൻ ശ്രമിക്കുകയാണെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ആർ.എസ്.എസ് എന്താണെന്ന് പോലും തനിക്കറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റി അറിയില്ലെന്നും സ്വപ്ന പറഞ്ഞു.
ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാൾ നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല. മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം -സ്വപ്ന പറഞ്ഞു. സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്.ആര്‍.ഡി.എസ് എന്ന എന്‍.ജി.ഒ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടനയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സ്വപ്ന.
എനിക്ക് കിട്ടിയ ഓഫറിൽ എവിടെയും അത് ആർ.എസ്.എസിന്‍റെയോ ബി.ജെ.പിയുടെയോ എൻ.ജി.ഒ ആണെന്ന് പറഞ്ഞിട്ടില്ല. ജീവിക്കാൻ നിവൃത്തിയില്ലാത്ത എനിക്ക് മുന്നിൽ തെരഞ്ഞെടുക്കാൻ അധികം അവസരങ്ങളൊന്നുമില്ല -സ്വപ്ന പറഞ്ഞു.
അതേസമയം അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമിച്ചുവെന്ന പരാതിയിയിൽ സ്വപ്ന സുരേഷ് ജോലിചെയ്യുന്ന എച്ച്.ആര്‍.ഡി.എസിനെതിരെ സംസ്ഥാന എസ്.സി എസ്.ടി കമീഷൻ കേസെടുത്തു. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമീഷൻ അന്വേഷിക്കും. എച്ച്.ആര്‍.ഡി.എസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കലക്ടർ, എസ്.പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമീഷൻ നിർദ്ദേശിച്ചു.
മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറല്‍ ഡെവല്‍പ്പ്മെന്‍റ് സൊസൈറ്റി. ഗുരു ആത്മനമ്പി (ആത്മജി)യാണ് എച്ച്.ആര്‍.ഡി.എസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും പ്രധാന നേതാക്കളാണ് ഇതിന്‍റെ പ്രധാന പദവികള്‍ അലങ്കരിക്കുന്നത്. എന്നാൽ കഴിവുള്ളതിനാലാണ് എച്ച്.ആർ.ഡി.എസിൽ ജോലി കിട്ടിയതെന്നും നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ കുറിച്ച് അറിയില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്ഥാപനവുമായി നേരത്തെ ബന്ധമില്ലെന്നും വെള്ളിയാഴ്ച മുതൽ അവിടുത്തെ ജീവനക്കാരിയാണെന്നും സ്വപ്‌ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.