തിരുവനന്തപുരം: കോർപറേഷനിലെ ആരോഗ്യവിഭാഗത്തിന് കീഴിൽ 295 താൽക്കാലിക ഒഴിവിലേക്ക് പാർട്ടി പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിൽ ഇന്ന് പ്രത്യേക കൗൺസിൽ ചേരും. വൈകീട്ട് നാലുമുതൽ ആറുവരെയാണ് പ്രത്യേക കൗൺസിൽ മേയർ ആര്യ രാജേന്ദ്രൻ വിളിച്ചുചേർത്തിരിക്കുന്നത്. എന്നാൽ, വിവാദ വിഷയം ചർച്ച ചെയ്യാൻ ചേരുന്ന യോഗത്തിന്റെ അധ്യക്ഷ സ്ഥാനത്തുനിന്ന് മേയർ മാറിനിൽക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പത്മകുമാർ കോർപറേഷൻ സെക്രട്ടറിക്ക് കത്തുനൽകി. കേരള മുനിസിപ്പൽ നിയമം 39(4) പ്രകാരമാണ് നടപടി. മേയർക്ക് പകരം ഡെപ്യൂട്ടി മേയർ യോഗത്തിൽ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം. വിഷയം ചർച്ചചെയ്യാൻ മതിയായ സമയം അനുവദിക്കാത്തതിൽ ബി.ജെ.പിയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെ തീരുമാനം. എന്നാൽ ക്രൈംബ്രാഞ്ച്, വിജിലൻസ് അന്വേഷണങ്ങളിൽ ഊന്നിയായിരിക്കും വിമർശനങ്ങളെ മേയർ ആര്യ രാജേന്ദ്രനടക്കമുള്ള ഭരണസമിതി പ്രതിരോധിക്കുക.
എസ്.എ.ടി ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങളിൽ ഡി.ആർ. അനിലിന്റെ പങ്കും ഇദ്ദേഹം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്തും പ്രതിപക്ഷം ഉയർത്തുമ്പോൾ യു.ഡി.എഫിന്റെ കാലത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം നടന്ന നിയമനങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ഡി.ആർ. അനിലിനുമേൽ സി.പി.എം സംരക്ഷണകവചമൊരുക്കുക. കോർപറേഷന് പുറത്ത് യു.ഡി.എഫിന്റെ സത്യഗ്രഹ സമരം നടക്കുന്നതിനാൽ ശക്തമായ പൊലീസ് കാവലിലായിരിക്കും പ്രത്യേക കൗൺസിൽ ചേരുക. അതേസമയം കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് എസ്.പി മധുസൂദനൻ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന് കൈമാറും. അവധി കഴിഞ്ഞ് അദ്ദേഹം ഇന്ന് മടങ്ങിയെത്തുമെന്നാണ് വിവരം. കത്തിലെ വസ്തുത കണ്ടെത്താൻ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശിപാർശ. റിപ്പോർട്ട് ഇന്നുതന്നെ ക്രൈംബ്രാഞ്ച് മേധാവി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് കൈമാറും. ഇതിന് ശേഷമേ കേസെടുക്കണമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.