കൊച്ചി: പ്രളയദുരന്തം നേരിട്ടവർക്ക് ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചപ്പോൾ മുമ്പ് പ്രളയനഷ്ടപരിഹാരമായി ലഭിച്ച തുക കുറക്കുമെന്ന നിലപാടിൽ ഉറച്ച് സർക്കാർ. വീട് പൊളിച്ച് തറകെട്ടാൻ പണം കാത്തിരുന്ന നൂറുകണക്കിന് കുടുംബങ്ങൾ നട്ടംതിരിയുന്നത് ചൂണ്ടിക്കാട്ടി 'മാധ്യമം' നൽകിയ റിപ്പോർട്ടിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മന്ത്രി നൽകിയ മറുപടിയിലും പ്രശ്നം പരിഹരിക്കുമെന്ന് വ്യക്തമാക്കുന്നില്ല. ഇതോടെ അനേകം പേരുടെ വീട് നിർമാണം അനിശ്ചിതത്വത്തിലായി.
2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചവർക്ക് വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് 10,000 മുതൽ 2.50 ലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകിയിരുന്നു. ഇതുകൊണ്ട് അറ്റകുറ്റപ്പണി നടത്തിയിട്ടും വീട് വാസയോഗ്യമാക്കാൻ സാധിക്കാത്ത നൂറുകണക്കിന് പേരുണ്ട്. ഇവർക്ക് ലൈഫ് പദ്ധതിവഴി വീട് നിർമാണത്തിന് നാലുലക്ഷം അനുവദിച്ചു. ഇതിെൻറ കരാർ എഴുതാൻ നിബന്ധന വായിക്കുേമ്പാഴാണ് പ്രളയനഷ്ടപരിഹാരമായി അനുവദിച്ച തുക കുറച്ചതിന് ശേഷമാണ് ലൈഫ് പദ്ധതി തുക ലഭിക്കൂവെന്ന് ഗുണഭോക്താക്കൾ അറിയുന്നത്. ആ തുകകൊണ്ട് വീടുപണി എങ്ങുമെത്തില്ല.
പ്രളയത്തിൽ 75 ശതമാനത്തിൽ കൂടുതൽ നാശനഷ്ടമുണ്ടായ വീടിന് മൊത്തം നാലുലക്ഷം ലഭിച്ചാൽ പിന്നീട് തദ്ദേശ സ്ഥാപനങ്ങൾ തുക നൽകില്ല. 60 മുതൽ 74 ശതമാനംവരെ നാശനഷ്ടം സംഭവിച്ച വീടിന് രണ്ടര ലക്ഷം വരെയാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇത്തരം കേസുകളിൽ ബാക്കി ഒന്നര ലക്ഷം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ലൈഫിൽ ഉൾപ്പെട്ട് വീട് പൊളിച്ചവർ ഇനി എൻജിനീയർക്ക് മുന്നിൽ സാക്ഷ്യപ്പെടുത്താൻ എങ്ങനെ വീട് കാണിക്കുമെന്ന് ഗുണഭോക്താക്കൾ ചോദിക്കുന്നു. വാടകക്ക് മാറിത്താമസിക്കാൻപോലും പണമില്ലാത്തവർ വീട് പൊളിച്ച് സമീപത്ത് കൂരകെട്ടി കഴിയുകയാണ്. പ്രളയ നഷ്ടപരിഹാരത്തുക കുറച്ചാൽ പിന്നെ ഇവർക്ക് കിട്ടുക ഒരുമുറിപോലും പണിയാൻ തികയാത്ത തുകയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.