കോട്ടയം: 'ഞങ്ങളുടെ ജീവിതം കടിച്ചുകീറിയത് തെരുവുനായ്ക്കളാണ്. ഞാനും എന്റെ കുഞ്ഞുങ്ങളും ഒറ്റപ്പെട്ടു. മൃഗസ്നേഹം പറയുന്നവർക്ക് എന്താണ് ജീവിതത്തിൽ നഷ്ടമായത്. എനിക്ക് എന്റെ തുണയെയും മക്കൾക്ക് അവരുടെ അമ്മയെയും. നഷ്ടം ഞങ്ങളെപോലെയുള്ളവർക്ക് മാത്രം. തെരുവ്നായ്ക്കളെ കൊല്ലുകതന്നെ വേണം' -ജീവിതത്തിലേക്ക് കുരച്ചെത്തിയ തെരുവ്നായുടെ ക്രൂരത വിവരിക്കുമ്പോൾ ജോസിന്റെ മുഖത്ത് കണ്ണീർനനവ്.
2015 സെപ്റ്റംബറിലാണ് കോട്ടയം അയർക്കുന്നം മഞ്ഞാമറ്റത്തിൽ ജോസ് സെബാസ്റ്റ്യന്റെ ജീവിതത്തെ നായ് കടിച്ചുകീറിയത്. അയൽവാസിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങിയെത്തുന്നതിനിടെ ജോസിന്റെ ഭാര്യ ഡോളിയെ ഓടിയെത്തിയ തെരുവുനായ് ആക്രമിക്കുകയായിരുന്നു. ഈ നായ് മറ്റ് പലരെയും കടിച്ചെന്ന് അറിഞ്ഞ് ചികിത്സ തേടിയെങ്കിലും 30ാം ദിവസം ജോസിന് ഡോളിയെ നഷ്ടമായി. 2015 ഒക്ടോബർ പത്തിനായിരുന്നു ഡോളിയുടെ മരണം. ഇതിനുശേഷം ജീവിതത്തിലേക്ക് കുരച്ചെത്തിയ ക്രൂരതക്ക് ചങ്ങല തീർക്കാനുള്ള പോരാട്ടത്തിലാണ് ജോസ് സുപ്രീംകോടതി വരെയെത്തിയ നിയമപോരാട്ടം. തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാറിന് നിർദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ജോസിന്റെ ഇടപെടൽ. ഇത് പരിഗണിച്ചാണ് തെരുവുനായ് ആക്രമത്തെ കുറിച്ചും ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചും പഠിക്കാന്‍ സുപ്രീംകോടതി ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഹരജിക്കാരന് അടിയന്തരമായി 40000 രൂപ നഷ്ടപരിഹാരം അനുവദിക്കാനും സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശവും നൽകി.
സിരിജഗൻ കമീഷൻ ജോസിന്റെ പരാതി പരിഗണിച്ച് ഡോളിയുടെ കുടുംബത്തിന് 10.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. എന്നാൽ, സർക്കാർ ഇതിനോട് മുഖംതിരിച്ചു. ഇതിനെതിരെ കോടതിയലക്ഷ്യ ഹരജിയുമായി ജോസ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തുടർന്നാണ് നഷ്ടപരിഹാരം ലഭിച്ചത്.
'നഷ്ടപരിഹാരത്തിനുവേണ്ടി മാത്രമായിരുന്നില്ല പോരാട്ടം. എന്റെ ഗതി മറ്റാർക്കും വരരുത്. എന്റെ രണ്ടുമക്കൾ പാതിവഴിയിൽ അമ്മയില്ലാത്തവരായി. അന്ന് സംസ്ഥാന സർക്കാറും എതിർ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. സമാനമനസ്കരുടെ സഹായത്തിലായിരുന്നു നിയമപോരാട്ടം. മറ്റ് ചിലരും ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരുന്നു'- ജോസ് പറഞ്ഞു. കോട്ടയം-അയർക്കുന്നം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായ ജോസിന്റെ പോരാട്ടം ഇപ്പോഴും നിലച്ചിട്ടില്ല. തെരുവ്നായ്ക്കൾക്കെതിരായ പ്രതിഷേധങ്ങളിലെല്ലാം ഇപ്പോഴും മുൻനിരയിലുണ്ട് ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.