കൊച്ചി: സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം ലൈഫ് മിഷന്‍ ഭവന പദ്ധതി വഴി 1,60,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കുന്നുകര ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട 51 ഭൂരഹിതര്‍ക്കുള്ള ഭൂമി കൈമാറ്റം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതി വഴി ഇതുവരെ 3,14,425 വീടുകള്‍ നിര്‍മ്മിച്ചു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് നാലേകാല്‍ ലക്ഷമാകും. ത്രിതല തദ്ദേശ സ്ഥാപനങ്ങളും പൊതു, സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിച്ച് എങ്ങനെ ഒരു പദ്ധതി നടപ്പിലാക്കാം എന്നതിന്റെ ഉത്തമ മാതൃകയാണ് കുന്നുകരയില്‍ 51 ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി.
മറ്റ് പഞ്ചായത്തുകള്‍ക്ക് ഇതു മാതൃകയാണ്. ലൈഫ് മിഷന്‍, മനസ്സോടിത്തിരി മണ്ണ് തുടങ്ങിയ വിവിധ പദ്ധതികളുടെ ഏകോപനത്തിലൂടെയാണ് ഇതു നടപ്പിലാക്കിയത്. 19 പേര്‍ക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ വഴിയും 32 പേര്‍ക്ക് കുന്നുകര ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് വിഹിതം, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ എസ്.സി വിഹിതം എന്നിവ ഉപയോഗിച്ചുമാണ് ഭൂമി വാങ്ങിയത്. രജിസ്‌ട്രേഷന്‍, അനുബന്ധ നടപടികള്‍ക്കു സഹായവുമായി എത്തിയത് ശ്രീനാരായണ മെഡിക്കല്‍ കോളജാണ്.
എല്ലാവര്‍ക്കും സുരക്ഷിതമായ അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെയാണ് മനസോടിത്തിരി മണ്ണ് എന്ന പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6.4 ഏക്കര്‍ ഭൂമി സര്‍ക്കാരിന് സംഭാവനകളിലൂടെ ലഭിച്ചു. ലൈഫ് മിഷന്‍ പൂർണമായും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ്. പി.എം.എ.വൈ അടക്കമുള്ള കേന്ദ്രഭവന പദ്ധതികളുടെ മുക്കാല്‍ ഭാഗവും വഹിക്കുന്നതും സംസ്ഥാന സര്‍ക്കാരാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ ഭവനം എന്ന ലക്ഷ്യത്തിനായി എല്ലാവരും അണിചേരണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. വീട് എന്നതില്‍ ഒതുങ്ങാതെ പശ്ചാത്തല സൗകര്യ വികസനത്തിലൂടെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ മാന്യമായ ജീവിതം നയിക്കുന്നതിനുള്ള സാഹചര്യവും ഒരുക്കുകയാണ് ലൈഫ് മിഷന്‍ പദ്ധതിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി കേരളോത്സവം വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.