തിരുവനന്തപുരം: വിദേശവനിതയുടെ അതിദാരുണ അന്ത്യത്തിൽ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തല കുനിച്ച് നിൽക്കുകയാണ് കേരള പൊലീസും ‘ദൈവത്തിെൻറ സ്വന്തം നാടും’. വെള്ളിയാഴ്ച തിരുവല്ലത്ത് ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ തല വേർപെട്ടനിലയിൽ കണ്ടെത്തിയ മൃതദേഹം കോവളത്തുെവച്ച് കാണാതായ ലാത്വിയൻ യുവതി ലിഗയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ സ്ത്രീ സുരക്ഷക്കും ടൂറിസത്തിനും ഏറെ പേരുകേട്ട കേരളത്തിനെതിരെ ലോക മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ആക്രമണം ശക്തമായി.
ലിഗയുടെ തിരോധാനത്തിനു മുന്നിൽ കേരളപൊലീസും സംസ്ഥാന സർക്കാറും പുലർത്തിയ നിഷ്്ക്രിയത്വവും അവഗണനയും അയർലൻഡിലെ വാർത്താമാധ്യമങ്ങളും റേഡിയോകളിലും ചർച്ചയായി കഴിഞ്ഞു.
മാർച്ച് 14 ന് കോവളത്തുെവച്ച് ലിഗയെ കാണാതായതുമുതൽ കണ്ണീരുമായി സഹോദരി ഇലീസും ഭർത്താവ് ആൻഡ്രൂസും കയറിയിറങ്ങാത്ത വാതിലുകളില്ല. തലസ്ഥാനത്തെ ഭരണകേന്ദ്രങ്ങൾ മുതൽ കാസർകോട് മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽവരെ കഴിഞ്ഞ ഒരുമാസത്തിനിടയിൽ ഇവർ കയറിയിറങ്ങി. എന്നാൽ, പരിഹാസച്ചിരിയും അവഗണനയും അല്ലാതെ മറ്റൊന്നും അധികാരികളുടെ ഭാഗത്തുനിന്നും തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഇലീസ് പറയുന്നു.
കാണാതായ ദിവസംതന്നെ ലിഗയുടെ ഫോട്ടോയുമായി ഇലീസ് കോവളം പൊലീസിന് പരാതി നൽകിയപ്പോൾ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ കൊണ്ടുകൊടുക്കാനായിരുന്നു മറുപടി. പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ എല്ലാം ശരിയാക്കാമെന്നായിരുന്നു എസ്.ഐയുടെ മറുപടി. എന്നാൽ, അന്നുതന്നെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഫോട്ടോ അയക്കാനോ പരിശോധന നടത്താനോ പൊലീസ് തയാറായിരുന്നെങ്കിൽ ലിഗയെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നെന്ന് ഇലീസ് വിശ്വസിക്കുന്നു.
ലോക്കൽ പൊലീസിെൻറ ഭാഗത്തുനിന്ന് ഒരന്വേഷണവും ഉണ്ടാകാത്തതോടെ സിറ്റി പൊലീസ് കമീഷണറെ സമീപിച്ചെങ്കിലും അവിടെയും ആശ്വാസവാക്കുകൾ മാത്രമായിരുന്നു ഇലീസിന് ലഭിച്ചത്. ഇതോടെയാണ് സഹായത്തിന് അയർലൻഡിൽനിന്ന് ആൻഡ്രൂസിനെ വിളിച്ചുവരുത്തിയത്. ‘വീ കാൻ ഹെൽപ്’ എന്ന സംഘടനയുടെ സഹായത്തോടെ ഡി.ജി.പി ലോക്നാഥ് െബഹ്റയെ കണ്ട് ഇരുവരും പരാതി പറഞ്ഞെങ്കിലും ലിഗ ഉല്ലാസയാത്രക്ക് പോയതാകാം, തിരികെ വരുമെന്നായിരുന്നു അദ്ദേഹത്തിെൻറ പരാമർശമെന്ന് ആൻഡ്രൂസ് പറയുന്നു. ഇതോടെ ഡി.ജി.പിയുടെ മേശപ്പുറത്തിടിച്ച് പ്രതിഷേധം അറിയിച്ച ആൻഡ്രൂസിനെ സുരക്ഷാ ഉദ്യോഗസ്ഥർ നിഷ്കരുണം പുറത്തേക്ക് തള്ളി.
കണ്ണീരോടെ പൊലീസ് ആസ്ഥാനത്തുനിന്ന് പിടിയിറങ്ങിയ ഇരുവരും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിച്ചെങ്കിലും കാര്യങ്ങൾ വേണ്ടരീതിയിൽ കേൾക്കാൻ ആരും തയാറായില്ലെന്ന് ഇലീസ് പറയുന്നു.
ആരും സഹായിക്കാനില്ലാതായതോടെ ഭാര്യയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ആൻഡ്രൂസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജില്ലകൾതോറും പോസ്റ്ററുകൾ പതിച്ചു. അപ്പോഴും പൊലീസിെൻറ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ല. തുടർന്ന് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി സമർപ്പിച്ചതോടെയാണ് പൊലീസ് അനങ്ങിത്തുടങ്ങിയത്. ഐ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണസംഘത്തെ ഡി.ജി.പി നിയോഗിച്ചു. വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷംരൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇതോടെ വിവിധ സ്ഥലങ്ങളിൽനിന്ന് വിളികളെത്തി.
ഫോൺവിളികളുടെ അടിസ്ഥാനത്തിൽ ലിഗയെ തേടി രാമേശ്വരത്തും ഹൈദരാബാദിലുമൊക്കെ പൊലീസെത്തിയെങ്കിലും, വെറും കൈയോടെ മടങ്ങേണ്ടിവന്നു. അപ്പോഴും കോവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയെ കുറിച്ചോ ഇവിടെയുള്ള ആളൊഴിഞ്ഞ കേന്ദ്രങ്ങളിലേക്കോ അന്വേഷണം നീണ്ടില്ല.
ലിഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശം ലഹരി മാഫിയയുടെ താവളമാണ്. ലിഗ ലഹരിക്ക് അടിമയായിരുന്നെന്ന് ഇലീസ് പൊലീസിന് സൂചന നൽകിയിരുന്നു. അപ്പോഴും കോവളം, തിരുവല്ലം പൊലീസ് സ്റ്റേഷനുകളുടെ കൈയെത്തും ദൂരത്തുള്ള ഈ പ്രദേശം മാത്രം അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിലിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.