മൂവാറ്റുപുഴ: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ തകർന്നുപോയ ലൈറ്റ് ആൻഡ് സൗണ്ട് മേഖല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയതോടെ പ്രതീക്ഷയിലേക്ക് കോളാമ്പി തിരിക്കുന്നു. പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത സൗണ്ട് മേഖലക്കിനി രണ്ട് മാസക്കാലം തിരക്കാകുമെന്നാണ് പ്രതീക്ഷ.
മാസങ്ങളായി പരിപാടികളൊന്നുമില്ലാത്തതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പലരും തൊഴിലില്ലാതെ പട്ടിണിയുടെ വക്കിലാണ്. എട്ടുമാസമായി മുറിയിൽ പൊടിപിടിച്ചിരിക്കുന്ന മൈക്ക് സെറ്റുകളും മറ്റും പൊടി തട്ടിയെടുത്ത് അറ്റകുറ്റപ്പണികൾ തീർത്ത് വെക്കുന്ന തിരക്കിലാണ് ഉടമകളും തൊഴിലാളികളും.
രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളും ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായി. ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹമടക്കമുള്ള ആഘോഷങ്ങൾ, പൊതുയോഗങ്ങൾ, പ്രതിഷേധ പരിപാടികൾ, തുടങ്ങി ഉദ്ഘാടന മാമാങ്കങ്ങൾക്കടക്കം സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലക്കും തിരിച്ചടിയായത്. പലരും ബാങ്ക് ലോണടക്കം ഉപയോഗപ്പെടുത്തി ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് വാങ്ങിയിരുന്നത്.
മാസങ്ങളോളം ഉപയോഗിക്കാതെ ഇരുന്നതിനാൽ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് കേടുപാടുകൾ വന്ന് നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.