പീച്ചി: തൃശൂർ ജില്ലയിലെ അണക്കെട്ട് മേഖലയിലും പാലക്കാട് കിഴക്കഞ്ചേരി മലയോര മേഖലയിലും നേരിയ ഭൂചലനം. തൃശൂരിലെ പട്ടിക്കാട്, പീച്ചി, തെക്കേകുളം, പൊടിപ്പാറ, അമ്പലക്കുന്ന്, ചുവന്നമണ്ണ് മേഖലകളിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. പാണഞ്ചേരി പഞ്ചായത്തിൽ 3.3 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മൂന്ന് സെക്കൻഡിൽ അധികം നീണ്ടുനിന്ന ഭൂചലനത്തിൽ ജനം വീടുവിട്ട് ഇറങ്ങിയോടി. ബുധനാഴ്ച ഉച്ചക്കുശേഷം 2.41 ഓടെയാണ് ചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽനിന്ന് സ്ഫോടന സമാനമായ വലിയ ശബ്ദം ഉണ്ടായതായി സ്ഥലവാസികൾ പറഞ്ഞു. പ്രകമ്പനവുമുണ്ടായി. പീച്ചി കണ്ണാറ ഭാഗത്തെ ചില വീടുകളിലെ കട്ടിലുകളും ഗൃഹോപകരണങ്ങളും ഇളകിയതായി പറയുന്നു. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാഴാനി ഡാമിന് സമീപവും ചിമ്മിനി ഡാം പ്രദേശമായ പാലപ്പിള്ളി, വലിയകുളം എച്ചിപ്പാറ അടക്കം ഒരു കിലോമീറ്റർ അധികം ചുറ്റളവിലും ചെറിയ തോതിൽ ഭൂചലനമുണ്ടായി. ഇടിമുഴക്കത്തിന് സമാന ശബ്ദമാണ് അവിടെ ഉണ്ടായത്. ഭൂചലനമുണ്ടായ മൂന്നു മേഖലയും ഡാം പ്രദേശമാണ്. ഭൗമശാസ്ത്രജ്ഞർ സ്ഥല പരിശോധന നടത്തും. പീച്ചിയിൽ അടക്കം അപൂർവമായാണ് ഭൂചലനം ഉണ്ടാവുന്നത്. അതേസമയം, വടക്കാഞ്ചേരിയിലെ വരവൂരാണ് ജില്ലയുടെ ഭൂചലന പ്രഭവകേന്ദ്രം.
ഭൂചലനത്തിൽ പാലക്കാട്ട് എട്ട് വീടുകൾക്ക് വിള്ളലുണ്ടായി. മലയോരമേഖലയായ പാലക്കുഴിയിലും പരിസരങ്ങളിലും ബുധനാഴ്ച പകൽ 1.10 നും, 2.40നുമായി രണ്ട് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ടാമത്തെ ഭൂചലനത്തിലാണ് വീടുകൾക്ക് വിള്ളൽ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.