കോട്ടയം: ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയ ഹൈകോടതി വിധിക്കെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സുപ്രീംകോടതിയെ സമീപിക്കും. കുറ്റിപ്പുറം -കണ്ണൂർ, ചേർത്തല-തിരുവനന്തപുരം എന്നിവ ദേശീയപാതകളല്ലെന്നും ഇവിടെ ബീയർ-വൈൻ പാർലറുകൾ തുറക്കാൻ അനുമതി നൽകണമെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പരമോന്നതകോടതിയെ സമീപിക്കുന്നത്.
കുറ്റിപ്പുറം-കണ്ണൂർ, ചേർത്തല--തിരുവനന്തപുരം പാതകൾ ദേശീയപാതകളല്ലെന്ന് വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും സ്ഥലമെടുപ്പിനു താമസം വന്നപ്പോൾ സംസ്ഥാന സർക്കാറിനെ ചുമതലപ്പെടുത്തി 2014-ൽ ഇറക്കിയ വിജ്ഞാപനമാണ് കോടതിവിധിക്ക് ആധാരമെന്നുമുള്ള ദേശീയപാത അധികൃതരുടെ വിശദീകരണം ഹരജിയിൽ ചൂണ്ടിക്കാട്ടും. നിലവിൽ ഇവ രണ്ടും ദേശീയ പാതകൾ തന്നെയാണെന്നുമുള്ള അധികൃതരുടെ നിലപാടും കോടതിയെ അറിയിക്കും. ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിെൻറയും അഭിപ്രായം കേൾക്കാതെ ബാറുകൾക്ക് നൽകിയ പ്രവർത്തനാനുമതി ചോദ്യംചെയ്തും കൂടിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.
മദ്യശാലകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ എടുത്തകളഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് മതമേലധ്യക്ഷന്മാരുടെയും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച നിയമസഭ മാർച്ച് നടത്തും. പുതിയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ തിരുവനന്തപുരം അനിമേഷൻ സെൻററിൽ വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി നേതൃയോഗവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.