കൊച്ചി: ആൺകുട്ടിക്കൊപ്പം 19കാരിയായ പെൺകുട്ടിക്ക് വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കാൻ ഹൈകോടതി അനുമതി. ആൺകുട്ടിക്ക് വിവാഹപ്രായമായില്ലെന്ന കാരണത്താൽ പിരിക്കാനാവില്ലെന്നും വിവാഹം കഴിക്കാതെ ഒരുമിച്ചുതാമസിക്കാൻ നിയമപരമായി തടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിെൻറ വിധി. 18കാരനായ കാമുകെൻറ തടവിൽ കഴിയുന്ന മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ പിതാവ് നൽകിയ ഹരജിയാണ് തള്ളിയത്.
യുവാവിന് പ്രായമാകുേമ്പാൾ വിവാഹം നടത്താൻ തയാറാണെന്ന് പിതാവ് ഹേബിയസ് കോർപസ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കൽ നിയമപരമല്ല. ദമ്പതികളെപോലെയാണ് ജീവിക്കുന്നത്. കുഞ്ഞുങ്ങളുണ്ടായാൽ നിയമപരമായി അവകാശങ്ങളുണ്ടാവില്ല. ആണ്‍കുട്ടിക്ക് 21 വയസ്സാവാത്തതിനാല്‍ ശൈശവ വിവാഹ നിരോധന നിയമത്തിെൻറ പരിധിയില്‍ വരുമെന്നും പിതാവ് വാദിച്ചു.
കോടതി നേരേത്ത ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സ്‌കൂള്‍ കാലംമുതലേ പ്രണയത്തിലാണെന്നും ഒരുമിച്ചുജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഇരുവരും കോടതിയെ അറിയിച്ചത്. പെൺകുട്ടിയെ പിതാവിനൊപ്പം വിട്ട് ഇടക്കാല ഉത്തരവ് നൽകിയിരുന്നെങ്കിലും വീണ്ടും കാമുകനൊപ്പം പോയി. ആൺകുട്ടിക്ക് വിവാഹം കഴിക്കാനുള്ള നിയമപ്രകാരമുള്ള പ്രായമായിട്ടില്ലെങ്കിലും പെൺകുട്ടിക്ക് ആയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കാൻ പെൺകുട്ടിക്ക് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. അതിനാൽ വിവാഹം കഴിക്കാതെതന്നെ ആൺകുട്ടിക്കൊപ്പം താമസിക്കാമെന്ന് വ്യക്തമാക്കി.
നന്ദകുമാർ കേസിൽ ലിവ് ഇൻ റിലേഷൻഷിപ് സുപ്രീംകോടതി അംഗീകരിച്ചതാണ്. പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കാനാവുമെന്നും കോടതിക്ക് സൂപ്പർ രക്ഷിതാവ് ചമയാനാവില്ലെന്നും ഹാദിയ കേസിലും പറഞ്ഞിട്ടുണ്ട്. മാതാവിെൻറ മനോവികാരമോ പിതാവിെൻറ വേദനയോ പരിഗണിച്ച് കോടതി രക്ഷിതാവായി മാറരുതെന്നാണ് നിരീക്ഷണം. വിവാഹിതരാകാതെ ഒരുമിച്ച് കഴിയുന്നവർ സമൂഹത്തിലുണ്ടെന്ന സത്യത്തിനുനേരെ കോടതിക്ക് കണ്ണടക്കാൻ കഴിയില്ല. ഒരു ഹേബിയസ് ഹരജിയിലെ ഉത്തരവിലൂടെ ഇവരെ വേർപിരിക്കാനും സാധിക്കില്ല. ഗാര്‍ഹിക പീഡന സംരക്ഷണനിയമം ലിവ് ഇന്‍ റിലേഷനുകള്‍ക്കും ബാധകമാണെന്നത് ഇതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗത്തിന് ഇത്തരം നടപടികൾ ഹിതകരമല്ലെങ്കിലും ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തെ മാനിക്കാൻ കോടതിക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. പെൺകുട്ടിക്ക് യുവാവിനൊപ്പം താമസിക്കാനും അയാൾക്ക് വിവാഹപ്രായം എത്തിയാൽ വിവാഹം കഴിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.