എൽ.ജെ.ഡി -ജെ.ഡി.എസ് ലയനചർച്ച ഇന്ന്

കോഴിക്കോട്: ദേശീയ നേതൃത്വം ആർ.ജെ.ഡിയിൽ ലയിച്ചതിനു പിന്നാലെ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) ജനതാദൾ -എസിൽ (ജെ.ഡി.എസ്) ലയിക്കാനൊരുങ്ങുന്നു. സോഷ്യലിസ്റ്റ് പാർട്ടികളായ ആർ.ജെ.ഡി, ജെ.ഡി.എസ്, സമാജ്വാദി പാർട്ടി എന്നിവയിലൊന്നിൽ ലയിക്കാൻ തീരുമാനിച്ച് ചർച്ചക്കായി ഏഴംഗ സമിതിക്ക് നേരത്തെ എൽ.ജെ.ഡി രൂപം നൽകിയിരുന്നു. ആർ.ജെ.ഡി, സമാജ്വാദി പാർട്ടി നേതൃത്വവുമായുള്ള ചർച്ച പുരോഗമിക്കാത്തതോടെയാണ് ജെ.ഡി.എസിൽ ലയിക്കുകയെന്ന തീരുമാനത്തിലെത്തിയത്. വെള്ളിയാഴ്ച എറണാകുളത്ത് ഇരുപാർട്ടികളുടെയും പ്രസിഡന്‍റുമാരായ മാത്യു ടി. തോമസ് എം.എൽ.എയുടെയും എം.വി. ശ്രേയാംസ് കുമാറിന്‍റെയും നേതൃത്വത്തിൽ ചർച്ച നടക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി, കെ.പി. മോഹനൻ എം.എൽ.എ, ഡോ. വർഗീസ് ജോർജ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കും.

സംസ്ഥാന പ്രസിഡന്‍റ് പദവി വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചചെയ്ത് സംസ്ഥാന ഭാരവാഹിത്വവും ജില്ല പ്രസിഡന്‍റ് പദവികളും എൽ.ജെ.ഡി ആവശ്യപ്പെടും. മാത്രമല്ല രണ്ടര വർഷത്തിനുശേഷം കെ.പി. മോഹനന് മന്ത്രി പദവിയും ചോദിക്കും. മന്ത്രി പദവി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും രണ്ടരവർഷം വീതം പങ്കിടാനാണ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ സാന്നിധ്യത്തിൽ ധാരണയായത് എന്നതിനാൽ ഇതിന് ജെ.ഡി.എസ് വഴങ്ങില്ല.

ലയനത്തിനുമുന്നോടിയായി എൽ.ജെ.ഡി നേതാക്കൾ എൽ.ഡി.എഫ് നേതൃത്വവുമായി ചർച്ചനടത്തിയപ്പോൾ ജെ.ഡി.എസിൽ ലയിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിർദേശിച്ചത്. എം.വി. ശ്രേയാംസ്‌കുമാർ, ഡോ. വർഗീസ് ജോർജ്, കെ.പി. മോഹനൻ എം.എൽ.എ. ചാരുപാറ രവി, വി. കുഞ്ഞാലി, എം.കെ. ഭാസ്‌കരൻ, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ സമിതിയാണ് ലയനകാര്യത്തിൽ എൽ.ജെ.ഡിക്കായി രൂപരേഖയുണ്ടാക്കുന്നത്. എം.പി. വീരേന്ദ്രകുമാറിന്‍റെ രണ്ടാം ചരമവാർഷിക ദിനമായ മേയ് 28ന് കോഴിക്കോട്ട് സമ്മേളനവും റാലിയും നടത്തി ലയനം പ്രഖ്യാപിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്.

അതേസമയം, ലയനം നടന്നാൽ എൽ.ജെ.ഡിയിൽ നിന്നുള്ളവർക്ക് പ്രസിഡന്‍റ് പദവികൾ കിട്ടിയേക്കില്ല. അടുത്തിടെയാണ് ജില്ല പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചത്. മാത്രമല്ല പാർലമെൻററി ബോർഡ് തെരഞ്ഞെടുപ്പ് മേയ് ആറിന് തൃശൂരിൽ നടക്കാനിരിക്കുകയുമാണ്. അതിനാൽ രണ്ടുവർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റുമാരെ ഉടൻ പിൻവലിച്ച് പദവി കൈമാറുന്നത് ജെ.ഡി.എസിന് കീറാമുട്ടിയാണ്. സംസ്ഥാന പ്രസിഡന്‍റ്, ജില്ല പ്രസിഡന്‍റ് പദവികൾ നൽകാതെ സംസ്ഥാന സെക്രട്ടറി ജനറൽ, സീനിയർ വൈസ് പ്രസിഡന്‍റ് പദവിയും സംസ്ഥാന ഭാരവാഹികളിൽ പകുതിയും ജില്ല ഭാരവാഹികളിൽ നിശ്ചിത എണ്ണവും നൽകാമെന്നാണ് ഏകദേശ ധാരണ.

Tags:    
News Summary - LJD-JDS merger talks today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.