അഞ്ചൽ: സ്കൂൾ വാഹനത്തിൽ വന്നിറങ്ങിയ എൽ.കെ.ജി വിദ്യാർത്ഥിക്ക് അതേ വാഹനം തട്ടി പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ വടമൺ വടക്കേവഞ്ചി മുക്കിലാണ് സംഭവം.
സ്കൂൾ വാഹനത്തിൽ വന്നിറങ്ങിയ ശേഷം മറ്റ് മുതിർന്ന കുട്ടികളോടൊപ്പം റോഡിലിറങ്ങി നടക്കവേ മുന്നോട്ടെടുത്ത ബസിന്റെ ബോഡിയിൽ തട്ടി വീണതുകണ്ട നാട്ടുകാരും മറ്റ് കുട്ടികളും ബഹളം വച്ച് വണ്ടി നിർത്തിക്കുകയായിരുന്നു. ശേഷം കുട്ടിയെ ഡ്രൈവറുടെ നേതൃത്വത്തിൽ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
വിവരമറിഞ്ഞ് പരിഭ്രാന്തരായി വിവിധ സ്ഥലങ്ങളിൽ നിന്നും രക്ഷാകർത്താക്കൾ സംഭവസ്ഥലത്തെത്തി. അഞ്ചൽ എസ്.ഐ ഷാജഹാൻ്റെ നേതൃത്വത്തിൽ പൊലീസെത്തി വാഹനത്തിൻ്റെ ഡ്രൈവർ, ആയ എന്നിവരെയും വാഹനവും കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പധികൃതരും സ്ഥലത്തെത്തി വാഹന പരിശോധന നടത്തി. പിന്നീട് സ്കൂളിലെ മറ്റൊരു വാഹനം വരുത്തി കുട്ടികളെ അവരവരുടെ വീടുകളിലെത്തിച്ചു. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടമുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.