ഇരിങ്ങാലക്കുട (തൃശൂർ): സി.പി.എം ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സര്‍വിസ് സഹകരണ ബാങ്കിൽ വന്‍ വായ്പ തട്ടിപ്പ്. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയൻറ് രജിസ്ട്രാറുടെ കണ്ടെത്തല്‍. ആധാരം പണയംവെച്ച് പണം എടുക്കുന്നവരിലൂടെയാണ് അവര്‍ അറിയാതെ തട്ടിപ്പ് നടന്നത്. ഇത്തരത്തില്‍ 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ പണം ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതടക്കം വന്‍ തട്ടിപ്പാണ് നടന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് വിശദ അന്വേഷണം നടക്കുകയാണ്. കാലങ്ങളായി ബാങ്ക് ഭരിക്കുന്നത് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. സി.പി.എം നേതാവായ ബാങ്ക് സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍ അടക്കമുള്ള ജീവനക്കാര്‍ ഇപ്പോൾ സസ്പെന്‍ഷനിലാണ്.
പ്രധാന കണ്ണിയെന്ന് കരുതുന്ന പെരിഞ്ഞനം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മാത്രം 23 കോടി രൂപ എത്തിയെന്നാണ് സൂചന. ബാങ്കില്‍നിന്ന് പണമടക്കാൻ ഭീമമായ തുകക്കുള്ള നോട്ടീസ് കിട്ടിയപ്പോഴാണ് പലരും ഞെട്ടിയത്. ക്രമക്കേടുകള്‍ പുറത്തുവന്നപ്പോള്‍ സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, ശാഖ മാനേജര്‍ ബിജു, സീനിയര്‍ അക്കൗണ്ടൻറ് ജില്‍സ്, റബ്കോ മുന്‍ കമീഷന് ഏജൻറ് എ.കെ. ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടൻറ് റജി അനില്‍, ഇടനിലക്കാരന് കിരണ്‍ എന്നിവർ 100 കോടിയോളം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതായി കാണിച്ച് ബാങ്ക് അധികൃതര്‍ ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവർക്കെതിരെ കേസെടുത്തതായി ഇരിങ്ങാലക്കുട പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.