തിരുവനന്തപുരം: സർക്കാറിന്റെ ഭവന വായ്പ പദ്ധതിയിൽ (ഹൗസ് ബിൽഡിങ് അഡ്വാൻസ്-എച്ച്.ബി.എ), ജീവനക്കാർ തിരിച്ചടയ്ക്കാനുള്ള തുക അധിക പലിശക്ക് ബാങ്കുകൾക്ക് ‘പണയം വെച്ച്’ ധനവകുപ്പ്. ജീവനക്കാരിൽ നിന്ന് തിരിച്ചടവായി കിട്ടേണ്ട തുക ഫെഡറൽ ബാങ്കും പഞ്ചാബ് നാഷനൽ ബാങ്കും ചേർന്ന് മുൻകൂറായി സർക്കാറിന് നൽകും. പകരം ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പലിശയും മുതലും പതിവുപോലെ സർക്കാർ പിടിച്ച് ബാങ്കുകൾക്ക് കൈമാറും.
പണം മുൻകൂറായി നൽകിയതിനുള്ള അധിക പലിശ സർക്കാർ വഹിക്കും. സാമ്പത്തിക പ്രതിസന്ധി കനത്ത സാഹചര്യത്തിലാണ് കുറുക്കുവഴിയിലൂടെയുള്ള ഈ ‘വായ്പ പണയം’. സർക്കാറിനെ സംബന്ധിച്ച് വർഷങ്ങളെടുത്താൽ മാത്രം ഖജനാവിലെത്തേണ്ട തുക പ്രതിസന്ധി ഘട്ടത്തിൽ മുൻകൂറായി കിട്ടിയെന്നത് ആശ്വാസമാണ്. അതേസമയം ഉയർന്ന പലിശ അധിക ബാധ്യതയും. ജീവനക്കാർക്ക് വീട് നിർമിക്കുന്നതിന് 144 തവണകളായി തിരിച്ചടക്കാവുന്നവിധം അടിസ്ഥാനശമ്പളത്തിന്റെ 20 ഇരട്ടി തുകയാണ് ഭവന വായ്പ പദ്ധതിയിൽ അനുവദിച്ചിരുന്നത്. എന്നാൽ വലിയ ബാധ്യതയാണെന്ന് കണ്ടതിനെ തുടർന്ന് പ്രതിസന്ധി ശക്തമായ 2018-19 സാമ്പത്തികവർഷം പദ്ധതി അവസാനിപ്പിച്ചിരുന്നു. വായ്പയിൽ നല്ലൊരു ശതമാനം ജീവനക്കാർക്ക് ഇതിനോടകം തിരിച്ചടച്ചിരുന്നെങ്കിലും 900 കോടി രൂപയാണ് ശേഷിച്ചത്. ഇതിൽ 369 കോടി ഫെഡറൽ ബാങ്കും 324 കോടി പഞ്ചാബ് നാഷനൽ ബാങ്കുമാണ് മുൻകൂറായി നൽകിയത്.
ഫെഡറൽ ബാങ്കുമായുള്ള കരാർ പ്രകാരം പലിശ നിരക്ക് 9.35 ശതമാനമാണ്. പഞ്ചാബ് നാഷനൽ ബാങ്കുമായി 10 ശതമാനവും. ജീവനക്കാരും സർക്കാറും തമ്മിലെ കരാർ പ്രകാരമുള്ള പലിശ വ്യവസ്ഥ എട്ട് ശതമാനമാണ്. ഫലത്തിൽ ഇത് കഴിച്ച് ഫെഡറൽ ബാങ്കിനുള്ള 1.35 ശതമാനവും പഞ്ചാബ് നാഷനൽ ബാങ്കിനുള്ള രണ്ട് ശതമാനവും അധിക പലിശ സർക്കാർ വഹിക്കണം. 4641 ജീവനക്കാർക്കാണ് ഇനി തിരിച്ചടവുള്ളത്. അടിസ്ഥാനശമ്പളത്തിന്റെ 20 ഇരട്ടി എന്നതായിരുന്നു വ്യവസ്ഥയെങ്കിലും 25 ലക്ഷം എന്ന പരിധി നിശ്ചയിച്ചിരുന്നു. 2002 ജീവനക്കാരുടെ സമരത്തെ തുടർന്ന് പദ്ധതി മരവിപ്പിച്ചിരുന്നു. പിന്നീട് വി.എസ് സർക്കാറിന്റെ കാലത്ത് പുനരുജ്ജീവിച്ചു. എന്നാൽ രണ്ടാം പിണറായി സർക്കാറിന്റെ കാലത്താണ് എന്നന്നേക്കുമായി അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.