പാലക്കാട്: ജൽ ജീവൻ മിഷന്റെ പേരിൽ ഗ്രാമീണ റോഡുകൾ വെട്ടിപ്പൊളിച്ചെന്ന പരാതിക്ക് പരിഹാരമാകുന്നു. വെട്ടിപ്പൊളിച്ച ഭാഗം തദ്ദേശസ്ഥാപനങ്ങൾ ഗതാഗതയോഗ്യമാക്കാനും അതിനുള്ള ചെലവ് ജൽ ജീവൻ മിഷൻ വഹിക്കാനും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ മാർഗരേഖ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചു. ഇതേത്തുടർന്ന് പാതിവഴിയിലായ പ്രവൃത്തികൾ തുടരാൻ നിർദേശിച്ചു.
ജല അതോറിറ്റി, ഗ്രാമീണ ജലവിതരണ ശുചിത്വ ഏജൻസി, ഭൂജല വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ഗ്രാമീണ മേഖലയിലെ എല്ലാ വീട്ടിലും പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്തിക്കാനുള്ള ജൽ ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്.
പൈപ്പിടാനായി പുതുതായി പണിത റോഡുകൾപോലും നശിപ്പിച്ചെന്നും കുഴി മൂടിയെങ്കിലും റോഡ് പഴയപടി ആക്കിയില്ലെന്നും വ്യാപക പരാതി ഉയർന്നിരുന്നു.
ചില പഞ്ചായത്തുകൾക്കു മാത്രമാണ് റോഡ് പുനഃസ്ഥാപിക്കാനുള്ള ഫണ്ട് ലഭിച്ചത്.
പൈപ്പ് സ്ഥാപിക്കാൻ പാലക്കാട് ജില്ലയിൽ മാത്രം വെട്ടിപ്പൊളിച്ചത് 17,000 കിലോമീറ്റർ ഗ്രാമീണ പാതകളായിരുന്നു. പൈപ്പിട്ട ഭാഗമടങ്ങിയ റോഡ് പഴയപടിയാക്കുന്ന പ്രവൃത്തി ഉൾപ്പെടുത്താത്ത ടെൻഡറുകളിൽ അത് ഉൾപ്പെടുത്താനുള്ള നടപടിക്ക് വാട്ടർ അതോറിറ്റി, നടത്തിപ്പ് ചുമതലയുള്ള ഗ്രാമീണ ജലവിതരണ ശുചിത്വ ഏജൻസി, ഭൂജല വകുപ്പ് തുടങ്ങിയവയോട് നിർദേശിച്ചു.
ജൽ ജീവൻ മിഷന്റെ ഭരണാനുമതിയോടെ നിലവിലെ ചട്ടം അനുസരിച്ച് പഞ്ചായത്തിന്റെ അനുമതിയോടെ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതുണ്ട്. നിലവിലെ റോഡിന്റെ അവസ്ഥ പരിഗണിച്ച് നടത്തിപ്പ് ഏജൻസികളുടെ വിലയിരുത്തലോടെ വേണം ആ പ്രവൃത്തിക്കുള്ള തുക നിശ്ചയിച്ച് അംഗീകാരത്തിന് സമർപ്പിക്കാൻ.
മോശമായ റോഡ് നന്നാക്കുന്ന പ്രവൃത്തികൂടി നടത്തുന്നുണ്ടെങ്കിൽ ആ തുക പഞ്ചായത്ത് വിഹിതത്തിൽനിന്ന് നൽകേണ്ടിവരും.
റോഡിലെ പൈപ്പിട്ട ഭാഗം പഴയപടി ആക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത കരാറുകാർ പഞ്ചായത്ത് അനുമതിയോടെ പൂർത്തിയാക്കണം.
കരാറുകാരൻ വിമുഖത കാട്ടുകയാണെങ്കിലോ ഇതുവരെ ടെൻഡർ ചെയ്തിട്ടില്ലെങ്കിലോ പഞ്ചായത്തിന് പൊളിച്ചിട്ട ഭാഗം ഗതാഗതയോഗ്യമാക്കുന്നത് പുതിയ പ്രവൃത്തിയായി ജൽ ജീവൻ മിഷന്റെ ഭരണാനുമതിയോടെ ഏറ്റെടുക്കാം. തുക മിഷന് അനുവദിക്കാമെന്നും മാർഗരേഖ പറയുന്നു.
പാലക്കാട്: 2024ൽ സംസ്ഥാനത്തെ 69.92 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കുകയാണ് ജൽ ജീവൻ മിഷന്റെ ലക്ഷ്യം. ഇതുവരെ 35.53 ലക്ഷം വീടുകളിൽ വെള്ളമെത്തിച്ചു. 2020ൽ തുടങ്ങിയ പദ്ധതിയിൽ ഇനി 34.39 ലക്ഷം വീടുകളിൽക്കൂടി വെള്ളമെത്തിക്കേണ്ടതുണ്ട്.
ജൽ ജീവൻ മിഷനിൽ സംസ്ഥാനവിഹിതം അടക്കാൻ വൈകിയതോടെ പദ്ധതി സ്തംഭിച്ച അവസ്ഥയിലായിരുന്നു. ഇതിനുപിന്നാലെ സംസ്ഥാനത്തിന്റെ സാമ്പത്തികപ്രയാസവും തിരിച്ചടിയായി. സംസ്ഥാനവിഹിതം ഉൾപ്പെടുത്തിയാലേ കേന്ദ്രവിഹിതം ലഭിക്കൂ. ദേശീയപാതകൾ, വനമേഖല എന്നിവിടങ്ങളിൽ പൈപ്പിടുന്നതിനുള്ള അനുമതി ലഭിക്കാനുള്ള കാലതാമസം പദ്ധതിയെ ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.