മുൻ മേയർ വി.കെ.സിയുടെ സീറ്റിൽ യു.ഡി.എഫിന് അട്ടിമറി വിജയം

തിരുവനന്തപുരം: കോഴിക്കോട് കോര്‍പറേഷൻ 41ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അട്ടിമറി വിജയം. നിയമസഭയിലേക്ക് മത്സരിക്കാനായി മുൻ മേയർ വി.കെ.സി. മമ്മദുകോയ രാജിവെച്ച സീറ്റാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി എസ്.വി. സയ്യിദ് മുഹമ്മദ് ഷമീല്‍ പിടിച്ചെടുത്തത്. മുൻ തെരഞ്ഞെടുപ്പിൽ മമ്മദുകോയയോട് 202 വോട്ടിന് തോറ്റ ഷമീൽ ഇത്തവണ 416 വോട്ടിനാണ് വിജയിച്ചത്. മുന്‍ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്‍റും മുന്‍ കൗണ്‍സിലറുമായ ടി. മൊയ്തീന്‍ കോയ (എൽ.ഡി.എഫ്), അനില്‍കുമാര്‍ (ബി.ജെ.പി) ആയിരുന്നു മറ്റ് സ്ഥാനാർഥികൾ.


Full View

കൊല്ലം കയ്യാലയ്ക്കൽ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. നൗഷാദ് 465 വോട്ടിന് വിജയിച്ചു. കൗൺസിലായിരുന്ന എം. നൗഷാദ് ഇരവിപുരം എം.എൽ.എയായി വിജയിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പാലക്കാട് നഗരസഭയിലെ മേപ്പറമ്പ് 48ാം വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിലനിർത്തി. ബി.ജെ.പി സ്ഥാനാർഥി വി.എ ശാന്തി 182 വോട്ടുകൾക്ക് വിജയിച്ചു. എൽ.ഡി.എഫ് സ്വതന്ത്ര ഉഷ മുരളീധരൻ 630 വോട്ടുകളും യു.ഡി.എഫ് സ്വതന്ത്ര ഷാജിത ഉസൈർ 466 വോട്ടുകളും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബി.ജെ.പിയിലെ ഇ. പ്രിയ മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവിൽ പാലക്കാട് നഗരസഭ 24 അംഗങ്ങളുള്ള ബി.ജെ.പിയാണ് ഭരിക്കുന്നത്.

ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി ബിജു കല്ലംമാക്കൽ 14 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി. ഇതേ വാർഡിലെ പ്രതിനിധിയായിരുന്ന തങ്കച്ചൻ കല്ലംമാക്കലിന്‍റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്. തങ്കച്ചന്‍റെ പിതൃ സഹോദരന്‍റെ മകനാണു ബിജു. 15 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ കോൺഗ്രസിന് ആറു സീറ്റും കേരള കോൺഗ്രസ് എമ്മിന് നാലു സീറ്റുകളും എൽ.ഡി.എഫിന് അഞ്ച് സീറ്റുമാണുള്ളത്.

തൊടുപുഴ മാങ്കുളം പഞ്ചായത്തിലെ മൂന്നാം വാർ‍ഡായ അൻപതാംമൈലിൽ എൽ.ഡി.എഫ് സ്ഥാനാർഥി ബിൻസി റോയി 48 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 13 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ആറു സീറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പു വിജയത്തോടെ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ചു പിടിച്ചു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് യു.ഡി.എഫ് അംഗം ബിൻസി റോയി രാജിവെച്ചത്. ബിൻസി റോയി സി.പി.എം സ്ഥാനാർഥിയായാണ് മത്സരിച്ചത്.

തൃശൂർ വടക്കേക്കാട്, ദേശമംഗലം ഗ്രാമപഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു വിജയം. ജില്ലാ പ‌‍‌‍ഞ്ചായത്ത് കയ്പമംഗലം ഡിവി‌‌‌‌ഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.സ്ഥാനാർഥി സതീഷ് കുമാർ 2924 വോട്ടിന് വിജയിച്ചു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കിഴുവിലം ഡിവിഷന്‍ 1993 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് നിലനിര്‍ത്തി. ശ്രീകണ്ഠന്‍ നായരാണ് വിജയിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫാണ് മേൽകൈ നേടിയത്. 14 വാര്‍ഡുകളില്‍ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനും ഒരു ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷനും അടക്കം പത്തിടത്ത് എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. രണ്ടിടത്ത് യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും ജയിച്ചു. നാലു വാര്‍ഡുകള്‍ യു.ഡി.എഫില്‍ നിന്ന് എൽ.ഡി.എഫും ഒരു വാര്‍ഡ് എൽ.ഡി.ഫില്‍ നിന്ന് യു.ഡി.എഫും പിടിച്ചെടുത്തു.

 

Tags:    
News Summary - local body bye election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.