തിരുവനന്തപുരം: 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. ഇടതു മുന്നണിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് സീറ്റുകൾ യു.ഡി.എഫും ഒന്ന് ബി.ജെ.പിയും പിടിച്ചെടുത്തു. യു.ഡി.എഫിന്റെ ഒരു വാർഡ് ഇടതു മുന്നണിയും പിടിച്ചെടുത്തു.
15 വാർഡുകളിൽ ഇടതു മുന്നണിയും 11ൽ യു.ഡി.എഫും രണ്ടിൽ ബി.ജെ.പിയും വിജയിച്ചു. സ്വതന്ത്രന്മാരടക്കമാണിത്. കൊല്ലം കോർപറേഷനിലെ മീനത്തുചേരി, സുൽത്താൻബത്തേരി നഗരസഭയിലെ പാളാക്കര, കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ടൗൺ വാർഡ്, തൃത്താല പഞ്ചായത്ത് വരണ്ടുകറ്റിക്കടവ്, ചെറുവണ്ണൂർ പഞ്ചായത്തിലെ കക്കറമുക്ക് എന്നിവയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ യു.ഡി.എഫ് വിമതൻ വിജയിച്ച തിരുനാവായ പഞ്ചായത്തിലെ അഴകത്തുകളം വാർഡിൽ ഇക്കുറി യു.ഡി.എഫ് സ്വതന്ത്രൻ വിജയിച്ചു. പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്തിലെ അമ്പാട്ടുഭാഗം വാർഡ് സി.പി.എമ്മിൽനിന്ന് ബി.ജെ.പി പിടിച്ചെടുത്തു.
തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ ഇടതു മുന്നണി വിജയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ് പ്രതിനിധിയായി വിജയിച്ച അംഗം രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചു.
കഴിഞ്ഞ തവണ സി.പി.എം ഇവിടെ മൂന്നാം സ്ഥാനത്താണ്. ഉപതെരഞ്ഞെടുപ്പിനു മുമ്പ് ഈ വാർഡുകളിൽ ഇടതു മുന്നണിക്ക് സ്വതന്ത്രരടക്കം 20 അംഗങ്ങളും യു.ഡി.എഫിന് ആറും ബി.ജെ.പിക്ക് ഒന്നും ഒരു സ്വതന്ത്രനുമായിരുന്നു. ഇടതുമുന്നണിക്ക് അഞ്ച് വാർഡുകൾ നഷ്ടപ്പെട്ടു. യു.ഡി.എഫിന് അഞ്ച് വാർഡുകളും ബി.ജെ.പിക്ക് ഒന്നും അധികം ലഭിച്ചു.
ഇടമുളയ്ക്കൽ തേവർതോട്ടം, കല്ലൂപ്പാറ അമ്പാട്ടുഭാഗം, പാറത്തോട് ഇടക്കുന്നം, കടങ്ങോട് ചിറ്റിലങ്ങാട്, കടമ്പഴിപ്പുറം പാട്ടിമല എന്നിവിടങ്ങളിൽ യു.ഡി.എഫും തണ്ണീർമുക്കത്ത് ഇടതു മുന്നണിയും മൂന്നാം സ്ഥാനത്തേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.