തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കം. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒമ്പതിടത്ത് യു.ഡി.എഫും ഏഴിടത്ത് എൽ.ഡി.എഫും ജയിച്ചപ്പോൾ ഒരു സീറ്റ് ബി.ജെ.പി നേടി. എൽ.ഡി.എഫിന് മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുത്തു. യു.ഡി.എഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ടെണ്ണം പിടിച്ചെടുത്തു. സി.പി.എമ്മിൽനിന്ന് ഒരു വാർഡ് ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു.
ഒമ്പത് ജില്ലകളിലായി 15 ഗ്രാമപഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യു.ഡി.എഫ് നിലനിര്‍ത്തി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്‍ലിം ലീഗിലെ യു.ടി. മുൻഷിർ 2864 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 1606 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. മുസ്‍ലിം ലീഗിലെ പാലത്തിങ്ങൽ ഉസ്മാൻ മരണപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മേലാറ്റൂർ ഗ്രാമ പഞ്ചായത്തിലെ ഏഴും കീഴാറ്റൂരിലെ രണ്ടും വാർഡുകൾ ഉൾപ്പെട്ടതാണ് ചെമ്മാണിയോട് ഡിവിഷൻ.
ചുങ്കത്തറ കളക്കുന്നിൽ യു.ഡി.എഫിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി കെ.പി. മൈമൂനയാണ് 109 വോട്ടുകൾക്ക് വിജയിച്ചത്. എൽ.ഡി.എഫിലെ റസീന നജീമിനെയാണ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത 740 വോട്ടുകളിൽ കെ.പി. മൈമൂന 421 വോട്ടുകൾ നേടിയപ്പോൾ റസീന സജീം 312 വോട്ടുകളാണ് നേടിയത്. റസീന സജീമിന്റെ അപര സ്ഥാനാർഥിക്ക് ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്. യു.ഡി.എഫ് അംഗമായി വിജയിച്ച എം.കെ. നജ്മുന്നീസ എൽ.ഡി.എഫിൽ ചേക്കേറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകുകയും പീന്നീട് ഇവരുടെ അംഗത്വം തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. യു.ഡി.എഫ് വിജയിച്ചതോടെ 20 അംഗ ഭരണസമിതിയിൽ ഇരുപക്ഷത്തിനും തുല്യ അംഗബലമായി.
തുവ്വൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അക്കരപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി തയ്യിൽ അയ്യപ്പൻ 440 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പോൾ ചെയ്ത 1102 വോട്ടിൽ 771 വോട്ടാണ് അയ്യപ്പൻ നേടിയത്. ഇടതുമുന്നണി സ്ഥാനാർഥി കെ.വി സുധിൻ 331 വോട്ട് നേടി. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ. നിഷാന്ത് 159 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. നിഷാന്തിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15ല്‍ യു.ഡി.എഫിന്റെ അബ്ദുൽ അസീസാണ് ജയിച്ചത്.
എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു.ഡി.എഫ് വിജയിച്ചു. രണ്ട് സീറ്റ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ, ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലയിലെ പഞ്ചായത്തുകളിൽ എവിടെയും ഭരണമാറ്റാം ഉണ്ടാക്കില്ല. വടക്കൻ പറവൂരിലെ ഏഴിക്കര, വടക്കേക്കര പഞ്ചായത്തത്തുകളിലും വൈപ്പിനിലെ പള്ളിപ്പുറം പഞ്ചായത്തിലും അങ്കമാലി മൂക്കന്നൂർ പഞ്ചായത്തിലുമാണ് യു.ഡി.എഫ് വിജയിച്ചത്. പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാർഡും ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡും എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. നാലിൽ മൂന്നിടത്തും വാർഡ് മെമ്പർമാർ രാജിവെച്ച് വിദേശത്തേക്ക് പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മെമ്പർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എൽ.ഡി.എഫ് നിലനിർത്തി. മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ബി.പി റീഷ്മ 393 വോട്ടിനാണ് വിജയിച്ചത്. ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ബി. ഗീതമ്മ ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.
കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത് ഒറ്റക്കൽ അഞ്ചാം വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എമ്മിലെ എസ്. അനുപമയാണ് 34 വോട്ടിന് വിജയിച്ചത്. കൊല്ലം ആദിച്ചനല്ലൂർ പഞ്ചായത്ത് പുഞ്ചിരിച്ചിറ രണ്ടാം വാർഡ് സി.പി.എം സിറ്റിങ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു. ബി.ജെ.പിയുടെ എ.എസ് രഞ്ജിത്ത് 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
തൃശൂർ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം വാർഡ് എല്‍.ഡി.എഫ് നിലനിർത്തി. സി.പി.ഐ സ്ഥാനാർഥി മിഥുൻ തീയ്യത്തുപറമ്പിൽ178 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്. വൈക്കം മറവന്തുരുത്ത് വാർഡിൽ സി.പി.എമ്മിന്റെ രേഷ്മ പ്രവീൺ വിജയിച്ചു.
കോഴിക്കോട് വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാർഡ് യു.ഡി.എഫ് നിലനിർത്തി. മുസ്‍ലിം ലീഗിലെ ഇ.പി. സലീം 42 വോട്ടിന് എൽ.ഡി.എഫ് സ്വതന്ത്രൻ പി.പി. വിജയനെയാണ് തോൽപ്പിച്ചത്.
പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന് വാർഡ് ഇടത് മുന്നണി പിടിച്ചെടുത്തു. സി.പി.എമ്മിലെ പി. മനോജ് 303 വോട്ടുകൾക്ക് കോൺഗ്രസിലെ ഉണ്ണികൃഷ്ണനെയാണ് തോൽപിച്ചത്.
ആലപ്പുഴ തലവടി കോടമ്പനാടി വാർഡിൽ എല്‍.ഡി.എഫ് സ്ഥാനാർഥി എന്‍.പി രാജന്‍ 197 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച വിശാഖ് വിദേശത്ത് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.