തിരുവനന്തപുരം: തദ്ദേശഭരണ പൊതുസർവിസ് രൂപവത്കരണം ജീവനക്കാരുടെ സീനിയോറിറ്റിയെയും അട്ടിമറിക്കുമെന്ന് ആശങ്ക. 3500 ഓളം മുനിസിപ്പൽ ജീവനക്കാർ 15,000 ത്തിലേറെ വരുന്ന പഞ്ചായത്ത് വകുപ്പ് ജീവനക്കാർക്ക് കീഴിൽ ജോലിചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും ജീവനക്കാർ ആശങ്കപ്രകടിപ്പിക്കുന്നു. പൊതുസർവിസ് രൂപവത്കരിച്ചതോടെ പ്രാഥമിക മേഖലയുടെയും ദ്വിതീയ- ത്രിതീയ മേഖലകളുടെയും വികസനം താളംതെറ്റിക്കുമെന്ന ആക്ഷേപങ്ങൾക്കൊപ്പമാണ് ജീവനക്കാരും ആശങ്കകളുമായി രംഗത്തെത്തിയത്.
പൊതുസർവിസ് ഭരണഘടനവിരുദ്ധമാണെന്നും കണ്ടിൻജന്‍റ് ജീവനക്കാരെ ഇതിൽനിന്ന് ഒഴിവാക്കിയത് നീതീകരിക്കാനാകില്ലെന്നുമുള്ള വാദങ്ങളും ഇപ്പോൾ ചർച്ചയിലാണ്. നഗരസഭ, പഞ്ചായത്ത്, ഗ്രാമവികസനം വകുപ്പുകൾ സംയോജിപ്പിച്ചാണ് ഫെബ്രുവരിയിൽ തദ്ദേശഭരണ പൊതുസർവിസ് രൂപവത്കരണം യാഥാർഥ്യമായത്. വിവിധ വകുപ്പുകൾ സംയോജിപ്പിക്കുമ്പോൾ ജീവനക്കാരുടെ സീനിയോറിറ്റിയും സേവനദൈർഘ്യവും പരിഗണിച്ചുവേണം സീനിയോറിറ്റി നിശ്ചയിക്കേണ്ടതെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ആശ്രിത നിയമനം സർക്കാർ നിശ്ചയിച്ച േക്വാട്ട പാലിച്ചായിരിക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ പഞ്ചായത്ത് ജീവനക്കാരിൽ സീനിയോറിറ്റിയുള്ള ജീവനക്കാർ ജൂനിയർ സൂപ്രണ്ട് തസ്തികയിലും മുനിസിപ്പൽ മേഖലയിൽ 12-15 വർഷംവരെ സേവന ദൈർഘ്യമുള്ളവർ യു.ഡി ക്ലർക്ക് തസ്തികയിലുമാണുള്ളത്. നിലവിലെ 941 പഞ്ചായത്ത് ജീവനക്കാർ സീനിയറായി മാറുകയും മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ജീവനക്കാർ അവർക്ക് കീഴിൽ ജൂനിയറായി മാറുകയും ചെയ്യുന്ന സാഹചര്യമാണ്. ഇപ്പോൾതന്നെ മുനിസിപ്പൽ കോമൺ സർവിസ് സംബന്ധമായ പല കേസുകളും കോടതികളിലും മറ്റ് ജുഡീഷ്യൽ സ്ഥാപനങ്ങളിലും നടന്നുവരുകയുമാണ്.
ക്രിമിനൽ -സിവിൽ കോടതികളുടെ സംയോജനം, റവന്യൂ- സർവേ ജീവനക്കാരുടെ സംയോജനം തുടങ്ങി വകുപ്പുകളുടെ കാര്യങ്ങൾ ഇതുവരെ യാഥാർഥ്യമായിട്ടില്ല. അതേ സങ്കീർണതകളാണ് തദ്ദേശഭരണ പൊതുസർവിസിലും ഉടലെടുക്കാൻ പോകുന്നതെന്നാണ് ആരോപണം.
നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ഭരണം സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും വളരെയധികം വ്യത്യസ്തമായതും പുതിയ വെല്ലുവിളിയാണ്. ഒറ്റ തദ്ദേശഭരണവകുപ്പെന്ന എ.ഡി.ബിയുടെ നയസമീപനമാണ് ഇതുവഴി സർക്കാർ നടപ്പാക്കുന്നതെന്നാണ് പ്രതിപക്ഷ സംഘടനകളും ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.