അപ്പർകുട്ടനാട്ടിൽ അവസാന പരീക്ഷണത്തിന്​ കർഷകർ കൊയ്ത്തിന്​ കുബോട്ട യന്ത്രമിറക്കുന്നു

മാന്നാർ: മഴക്കെടുതിയെ തുടർന്ന്​ നെല്ല് കൊയ്യാനാവാതെ കൃഷി ഉപേക്ഷിക്കാനൊരുങ്ങിയ അപ്പർകുട്ടനാട്ടിലെ കർഷകർ അവസാന ശ്രമമെന്നോണം കുബോട്ട യന്ത്രമിറക്കി പരീക്ഷിക്കുന്നു. കൊയ്ത്തുയന്ത്രങ്ങളെല്ലാം തിരികെ​പ്പോയതോടെയാണ്​ ഉ​പേക്ഷിക്കുകയെന്ന ചിന്ത കർഷകരിൽ വളർന്നത്​. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പലരും കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു. രണ്ടാഴ്ചയിലധികമായി പാടത്ത്​ വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട്. ചെന്നിത്തല നാലാം ബ്ലോക്ക് പാടശേഖരത്തിൽ 100 ഏക്കർ പാടത്തെ നെല്ലാണ് കൊയ്​തെടുക്കാനാകാതെ കിടക്കുന്നത്​​. മോട്ടർപുരയും തറയും പുറം ബണ്ടുമെല്ലാം കവിഞ്ഞതിനാൽ ഇവിടെനിന്ന്​ പമ്പിങ് പോലും സാധ്യമല്ലെന്ന്​ കണ്ടതോടെയാണ് കൃഷി ഉപേക്ഷിക്കാൻ തയാറായത്​. എന്നാലിപ്പോൾ മഴക്കെടുതി രൂക്ഷമായി കൊയ്ത്ത്​ നടക്കാത്ത പാടശേഖരങ്ങളിൽ കുബോട്ട യന്ത്രമിറക്കി കൊയ്യാനാണ്​ നീക്കം. മറ്റു കൊയ്ത്തു യന്ത്രങ്ങളെക്കാൾ ഭാരക്കുറവുള്ളതിനാൽ വെള്ളക്കെട്ടിൽ താഴാൻ സാധ്യത കുറവുള്ളതിനാലാണ് ഈ ശ്രമം. മാന്നാർ നാലുതോട് പാടശേഖരത്തിലെ 252 ഏക്കർ, വേഴത്താർ പാടത്തെ 140 ഏക്കർ, കണ്ടൻകേരി പാടത്തെ 20 ഏക്കർ, ചെന്നിത്തല എട്ടാം ബ്ലോക്കിലെ 95 ഏക്കർ, ചെന്നിത്തല നാലാം ബ്ലോക്ക്​ പാടശേഖരത്തിൽ നൂറേക്കർ എന്നിങ്ങനെയാണ് കൊയ്യാൻ ബാക്കിയുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.