ആലപ്പുഴ: കുട്ടനാട്ടിലെ വൃശ്ചികവേലിയേറ്റം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും മടവീഴ്ചയും നിയന്ത്രിക്കുന്നതിന് തണ്ണീർമുക്കം ബണ്ട് റെഗുലേറ്റ് ചെയ്യാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെൽകർഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൽ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
കുട്ടനാട്ടിലെ അഞ്ച് പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. പുളിങ്കുന്ന് 80ൽചിറ, രാമങ്കരി പറക്കുടി, വെളിയനാട് കരിമീൻതടം, ചങ്ങനാശ്ശേരി വാഴപ്പള്ളി ഉടമ്പ്രം, ഒടേറ്റി പാടശേരങ്ങളാണ് വെള്ളത്തിലായത്. സമീപത്ത് താമസിക്കുന്ന ജനങ്ങളും ദുരിതത്തിലാണ്. തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ റഗുലേറ്റ് ചെയ്ത് വേലിയേറ്റം നിയന്ത്രിക്കണം.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ല കലക്ടർമാർക്ക് ഇക്കാര്യം ഉന്നയിച്ച് നിവേദനം നൽകിയെങ്കിലും 92 ഷട്ടറുകളിൽ 28 എണ്ണം മാത്രമാണ് റഗുലേറ്റ് ചെയ്തത്. ഇത് വേലിയേറ്റം തടയാൻ പര്യാപ്തമല്ല. ഇതിന് പിന്നാലെയാണ് മടവീഴ്ചയുണ്ടായത്. വേലിയേറ്റം തടയാൻ എല്ലാ ഷട്ടറുകളും തുറക്കണം. കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഉഷ്ണതരംഗവും വിളനാശത്തിന് കാരണമാകുന്നു. പുഞ്ചകൃഷിക്ക് പിന്നാലെ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വിലയായ 74,56483 രൂപ കിട്ടാനുണ്ട്. രണ്ടാംകൃഷിയുടെ വിളവെടുപ്പ് നടക്കുന്ന ഘട്ടത്തിലും ഒന്നാംവിളയുടെ പണംകിട്ടാതെ 154 കർഷകരാണ് ദുരിതത്തിലായത്. കൊയ്ത്ത് നടക്കുന്നിടത്ത് ആവശ്യമായ യന്ത്രമില്ല. ഇതിനാൽ നിശ്ചയിച്ചതിനേക്കാൾ അധികകൂലിയാണ് വാങ്ങുന്നത്.
മില്ല് ഏജന്റുമാരുടെ കിഴിവ് കൊള്ളക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്. കൈകാര്യ ചെലവ് സർക്കാർ വഹിക്കണമെന്ന ഹൈകോടതി വിധിയും നടപ്പാക്കുന്നില്ല. നെൽകൃഷി പ്രോത്സാഹനത്തിനുള്ള റോയൽറ്റിയും സബ്സിഡിയും ലഭിക്കുന്നില്ല. പുഞ്ചകൃഷിക്കായി നൽകിയ വിത്ത് കിളിർക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചു. വാർത്തസമ്മേളനത്തിൽ രക്ഷാധികാരി വി.ജെ. ലാലി, നേതാക്കളായ ലാലിച്ചൻ പള്ളിവാതുക്കൽ, സോണിച്ചൻ പുളിങ്കുന്ന്, പി. വേലായുധൻ നായർ, പി.എസ്. വേണു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.