അരൂര്‍: മേഖലയിലെ പരമ്പരാഗത ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളും അവരെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളും ദുരിതത്തില്‍. പ്രളയത്തിന് ശേഷം കടുത്ത മത്സ്യക്ഷാമമാണ് കായലിൽ നേരിടുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
ചീനവലകൾ തീരമൊഴിഞ്ഞിട്ട് വർഷങ്ങളേറെയായി. തീരമില്ലാതാകുന്നതും കടുത്ത മലിനീകരണവുമാണ് കാരണം. കമ്പവല നിർമിക്കുന്നതിന് ഭീമമായ തുകയാണ് ചെലവാകുന്നത്. അതനുസരിച്ച് വരവ് ലഭിക്കുന്നില്ല. വള്ളത്തില്‍ പോയി വലയിടുന്നവരും ഊന്നുകുറ്റികളെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്നവരും കഷ്ടതയിലാണ്. മത്സ്യലഭ്യത ഇല്ലായ്മയാണ് പ്രധാനകാരണം.
2018-ലെ പ്രളയത്തിന് മുമ്പ് കരിമീന്‍, കൂരി, തിരുത, കൊഞ്ച്, ചൂടന്‍, തെള്ളി, നാരന്‍, പ്രാഞ്ഞില്‍, വറ്റ, എലച്ചില്, നച്ച്, കട്ല, ഞണ്ട്, പള്ളത്തി, പൂളാന്‍, പഴുക്ക, കോര എന്നിവ സുലഭമായിരുന്നു. വർഷങ്ങളായി ഇതില്‍ പലതും പേരിനുപോലും ലഭ്യമല്ല. കിട്ടുന്നവയാകെട്ട മുമ്പത്തേതിനെക്കാൾ പകുതി മാത്രമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഉറക്കമിളച്ചും കഠിനാധ്വാനം ചെയ്തും മഴയും വെയിലും വകവെക്കാതെ അധ്വാനിക്കുന്നതിന് അനുസൃതമായി വരുമാനം ലഭിക്കാത്തതിനാല്‍ പുതുതലമുറ പാടെ മത്സ്യബന്ധനതൊഴിൽ ഉപേക്ഷിച്ചിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനം മൂലം നീരൊഴുക്കിലടക്കം ഉണ്ടായ വ്യതിയാനമാണ് മത്സ്യലഭ്യതയുടെ കുറവിന് പ്രധാന കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. മലിനീകരണവും കായലിന്റെ ആഴക്കുറവും കായൽ കൈയേറ്റങ്ങളും മറ്റും കാരണങ്ങളാണ്. കിട്ടുന്ന മത്സ്യം വില്ക്കാന് അരൂര്‍ കേന്ദ്രീകരിച്ച് മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത സംഘങ്ങളും ഒരു സ്വകാര്യ സംഘവുമുണ്ട്.
5000ത്തോളം തൊഴിലാളികളാണ് ഈ മൂന്ന് സംഘങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യവിപണനം നടത്തുന്നത്. എന്നാല്‍ മത്സ്യലഭ്യത കുറഞ്ഞതോടെ പലര്‍ക്കും നിത്യചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ല.
കായൽ നികരുന്നു; പ്രജനനം കുറയുന്നു
കായലിന്റെ ആഴം കുറയുന്നതാണ് മത്സ്യ പ്രജനനം കുറയുന്നതിന്റെ കാരണങ്ങളിലൊന്ന്. ഇതിന് പല കാരണങ്ങളുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. വേമ്പനാട് കായലില്‍ എത്തിച്ചേരുന്ന അഞ്ച് നദികളാണുള്ളത്. പെരിയാര്‍, മൂവാറ്റുപുഴ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ എന്നിവയാണവ. ഇവിടെ നിന്ന് ഒഴുകിയെത്തുന്ന എക്കല്‍ ശുദ്ധീകരിച്ച് വെള്ളം മാത്രം അറബിക്കടലിലേക്ക് തള്ളുന്ന പ്രക്രിയ നിര്‍വഹിക്കുന്നത് വേമ്പനാട് കായലാണ്.
പൂഴിയൊലിച്ചുവരുമ്പോള് ഇതിലെ പൂഴിയും ചരലും മണ്ണുമൊക്കെ ഇവിടെ നിക്ഷേപിക്കപ്പെടും. കായലില്‍ നിന്നുള്ള മണല്‍വാരല്‍ നിരോധിച്ചതോടെ ആഴം കുറയുന്നത് പതിവായി. പിന്നെ പോളപ്പായല്‍ ചീഞ്ഞടിയുന്നതും ആഴക്കുറവിന് കാരണമാണ്. കായലിന് കുറുകെയുള്ള പാലങ്ങളടക്കമുള്ള വിവിധ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ആഴം കൂട്ടുന്നതിനുള്ള ഡ്രഡ്ജിങ് നടത്തുമ്പോഴും ഉണ്ടാകുന്ന ചെളിയടക്കം വേമ്പനാട് കായലിലേക്കാണ് തള്ളുന്നത്. ഇത് കരയിലേക്കോ, കടലിലേക്കോ തള്ളണമെന്ന നിർദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല.
രാസമാലിന്യം വലിയ ഭീഷണി
താലൂക്കിന്റെ കായല്തീരങ്ങളിലുള്ള ചെമ്മീന്‍ പീലിങ് ഷെഡുകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ മത്സ്യ സമ്പത്തിന് വലിയ ഭീഷണിയാണെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം അലക്ഷ്യമായി കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കമ്പനികളടക്കം മാലിന്യസംസ്കരണത്തിന് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ എല്ലാം കായലിലേക്ക് പൈപ്പ് വഴി തള്ളുന്ന സ്ഥിതിയാണ്. ഇതാണ് പല മത്സ്യങ്ങളുടെയും വംശനാശത്തിന് കാരണമാകുന്നത്. ഒപ്പം വീടുകളില്‍ നിന്ന് നേരിട്ട് കായലിലേക്ക് കക്കൂസ് മാലിന്യമടക്കം തള്ളുന്നത് വെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിപ്പിക്കുന്നു. ത്രിതല പഞ്ചായത്തുകൾ മലിനീകരണത്തിനെതിരെ ശക്തമായ നിലപാടുകൾ എടുക്കുകയും സർക്കാർ കായൽ കൈയേറ്റത്തിനെതിരെ നടപടിയെടുക്കുകയും ശാശ്വത പരിഹാരമായി നിർദേശിക്കപ്പെടുന്ന തീരദേശ റോഡ് പ്രാവർത്തികമാക്കുകയും ചെയ്താൽ ഒരു പരിധിവരെ കൈയേറ്റം അടക്കമുള്ള പ്രശ്നങ്ങൾ കുറക്കാനാകുമെന്ന് നിർദേശിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.