Attn: ഗ്രാമഭംഗി-പ്രതിവാരപംക്തി ചെങ്ങന്നൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള മാന്നാർ മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് തൊട്ടുകിഴക്കുവശത്തെ കുരട്ടിക്കാട് ശ്രീധർമശാസ്ത ക്ഷേത്രത്തോടനുബന്ധിച്ചാണ് ചരിത്രപ്രാധാന്യമുള്ള നാലേക്കർ വിസ്തൃതമായ തന്മടിക്കുളം. ഉഗ്ര തപസ്സിലിരിക്കുന്ന പരമശിവന്‍റെ കോപത്തെ ശമിപ്പിക്കാൻ ശനി ഭാവത്തോടുകൂടിയുള്ള മകനായ ശാസ്താവിനെ പടിഞ്ഞാറ് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നാണ് ഐതീഹ്യം. ഇതിന് വടക്കുവശത്തായാണ് നാലേക്കറിൽ തെളിനീരുറവയുള്ള വിശാലമായ തന്മടിക്കുളം. ഇതിനു തൊട്ടു വടക്കുഭാഗത്തുകൂടിയാണ് പമ്പ നദിയൊഴുകുന്നത്. മസ്ഥാതാവ് ചക്രവർത്തി കൃതായുഗത്തിൽ യാഗത്തിനായി കുഴിച്ചതാണ് തന്മടിക്കുളമെന്നാണ് വിശ്വാസം. യാഗത്തിന് ജലത്തിനായി എത്ര കുഴിച്ചിട്ടും കിട്ടാതായപ്പോൾ ഇതിലേക്ക് ഇറങ്ങി കുഴിക്കാൻ ആവശ്യപ്പെട്ട് ക്രോഷ്ഠ മുനി ധ്യാന നിരതനായി ഇരിക്കുകയും മുനിയുടെ നിർദേശാനുസരണം കുഴിച്ചപ്പോൾ ശക്തമായ ഉറവയുണ്ടാവുകയായിരുന്നു. മുനിശ്രേഷ്ഠന്‍റെ മടിയിൽ വരെ ജലമെത്തിയെന്നും ഇതിനാൽ തൻമടിക്കുളം എന്നറിയപ്പെടുകയും ചെയ്തുവെന്നാണ് ഐതിഹ്യം. പിന്നീടത് ലോപിച്ച് തന്മടിക്കുളമെന്നായി. വേണ്ട പരിരക്ഷയില്ലാതായതോടെ നാലുവശവും ഇടിഞ്ഞ് മണ്ണ് വീണ് കുളം നികന്നു. മഴക്കാലത്തു മാത്രം വെള്ളമുള്ള അവസ്ഥയിലായിരുന്നു പതിറ്റാണ്ടുകളോളം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഖില കേരള രാമായണ മേളയുടെ സമാപന സമ്മേളനത്തിനെത്തിയപ്പോൾ മഹാദേവ സേവാസമിതി നൽകിയ നിവേദനത്തെ തുടർന്ന് 2014 -15ലെ കുട്ടനാട് പാക്കേജിലുൾപ്പെടുത്തി അരക്കോടിയിലധികം മുടക്കിയാണ് പഴയ പ്രതാപത്തിലേക്ക് ഈ ജലസ്രോതസ്സിനെ പുനർജനിപ്പിച്ചത്. ആഴം കൂട്ടി നാലുവശവും കരിങ്കൽ സംരക്ഷണ ഭിത്തിയും കൽപടവുകളും കെട്ടി സംരക്ഷണമൊരുക്കി. കടുത്ത വേനൽക്കാലത്ത് സമീപ പ്രദേശങ്ങളിലെ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറുകളിൽ ജലവിതാനം കുറയാതെ നിലനിർത്തുന്നു. കൂടാതെ കുളിക്കാനും കുട്ടികൾക്ക് നീന്തൽ പഠിക്കാനും ഇത് ഉപകരിക്കുന്നു. 2018-19ൽ ആറാം വാർഡിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3,62,114 രൂപ വിനിയോഗിച്ച് കയർ ഭൂവസ്ത്രം വിരിച്ചു. എന്നാൽ, ഇതിനു ഉദ്ദേശിച്ചത്ര ഫലം കണ്ടില്ല. സംസ്ഥാന കയർ കോർപറേഷന്റെ സാങ്കേതിക സഹായത്തോടെയാണ് 2131 ചതുരശ്ര മീറ്ററിലുള്ള പരമ്പരാഗത ജലസ്രോതസ്സ് സംരക്ഷിക്കുന്ന പദ്ധതി പ്രാവർത്തികമാക്കിയത്. 740 ജി.എസ്.എം. ഗുണമേന്മയുള്ള കയർ ഉപയോഗിച്ചതിലൂടെ മൂന്നുവർഷം ഏറ്റവും കുറഞ്ഞ പരിരക്ഷ ഉറപ്പാക്കുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം. എം.ബി. സനൽ കുമാരപ്പണിക്കർ APL thanmadikulam കുരട്ടിക്കാട് ശ്രീധർമശാസ്ത ക്ഷേത്രത്തിന് സമീപത്തെ നാലേക്കറുള്ള തന്മടിക്കുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.