അരൂർ: കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ അയവിനെത്തുടർന്ന് വിനോദസഞ്ചാര മേഖല ഉണരുമ്പോൾ ആലപ്പുഴ ജില്ലയിെല ഉൾനാടൻ കായൽ വിനോദസഞ്ചാരം പ്രതീക്ഷയിലാണ്. അരൂർ മണ്ഡലത്തിൽ കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളിലാണ് ഉൾനാടൻ ജലവിനോദസഞ്ചാരം അഭിവൃദ്ധിപ്പെട്ടത്. എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപും ചുറ്റുമുള്ള കായലും വിനോദസഞ്ചാരത്തിൻെറ പുതിയ സഞ്ചാര കാഴ്ചകൾക്ക് തുടക്കംകുറിച്ചിരുന്നു.
കഴിഞ്ഞ എട്ടുമാസമായി സ്തംഭിച്ചിരുന്ന ഈ വിനോദസഞ്ചാര മേഖലയെ ഉണർത്തിയെടുക്കാൻ കഷ്ടപ്പെടേണ്ടിവരുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. സർക്കാറും ത്രിതല പഞ്ചായത്തുകളും കായൽ ടൂറിസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടത് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. ജലാശയങ്ങളിലെ മാലിന്യം നീക്കുക, തോട്ടിലേക്ക് പടർന്നുകിടക്കുന്ന വള്ളിപ്പടർപ്പുകൾ നീക്കംചെയ്യുക, പായൽ കോരിമാറ്റുക എന്നീ കാര്യങ്ങൾ പഞ്ചായത്ത് മുൻകൈയെടുത്ത് ചെയ്യേണ്ടതുണ്ട്. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും എത്തുന്ന സഞ്ചാരികളെ ഈ പ്രദേശങ്ങളിലേക്ക് എത്തിക്കാൻ സംവിധാനം ഒരുക്കേണ്ടതുണ്ട്.
അരൂക്കുറ്റിയിലും കോടംതുരുത്തിലും നിർമിച്ച വഞ്ചിപ്പുര ടെർമിനലുകൾ ഉൾനാടൻ ജലയാത്രകൾക്ക് ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അരൂരിൽനിന്ന് ആരംഭിക്കുന്ന ജലസഞ്ചാരം പടിഞ്ഞാറൻ കാഴ്ചൾ കണ്ട് അരൂരിൽതന്നെ അവസാനിപ്പിക്കുന്നവിധം റൂട്ട് ഒരുക്കുന്നതിനും സർക്കാർ മാർഗനിർദേശം ആവശ്യമാണ്. പരീക്ഷണാർഥം എറണാകുളത്തേക്ക് സഞ്ചാരയാത്ര ഒരുക്കുന്നത് അഭികാമ്യമായിരിക്കുമെന്ന നിർദേശമുണ്ട്. ഇത് വിജയിക്കുന്നപക്ഷം സ്ഥിരയാത്രക്ക് സംവിധാനം ഒരുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.