ദേശാഭിമാനി ടി.കെ. മാധവ​െൻറ പ്രതിമ മുനിസിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കും

ദേശാഭിമാനി ടി.കെ. മാധവ​ൻെറ പ്രതിമ മുനിസിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കും മാവേലിക്കര: മുനിസിപ്പല്‍ പാര്‍ക്കില്‍ ദേശാഭിമാനി ടി.കെ. മാധവ​ൻെറ സ്മരണാര്‍ഥം പ്രതിമ സ്ഥാപിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ദിവസങ്ങളായി നീണ്ട വിവാദങ്ങള്‍ക്കാണ് ഇതോടെ പരിസമാപ്തിയാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത്. ടി.കെ. മാധവ​ൻെറ പ്രതിമ ടി.കെ. മാധവ​ൻെറ പേരിലുള്ള മുനിസിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യൂനിയന്‍ നല്‍കിയ നിവേദനം പരിഗണിക്കവെ മതസൗഹാര്‍ദത്തിന് കോട്ടം തട്ടുമെന്നുള്ള തരത്തില്‍ ബി.ജെ.പി കൗണ്‍സിലറുടെ പരാമര്‍ശം ഉണ്ടായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഈ പരാമര്‍ശത്തോടെ അജണ്ട പിന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഇതിനെതിരെ എസ്.എന്‍.ഡി.പി യൂനിയനും സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു. പ്രതിമ സ്ഥാപിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് പറഞ്ഞ് ബി.ജെ.പിയും രംഗത്ത് എത്തിയിരുന്നു. ഇതിനിടെ കൗണ്‍സിലറോട് ബി.ജെ.പി വിഷയത്തില്‍ വിശദീകരണവും തേടി. തുടർന്ന് ബുധനാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ അജണ്ടയായി പ്രതിമ വിഷയം വീണ്ടും എത്തുകയും ഐകകണ്‌ഠ്യേന സ്ഥാപിക്കാന്‍ അംഗീകാരം നൽകുകയുമായിരുന്നു. പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച ബാക്കി നടപടികള്‍ക്കായി സ്​റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും ചെയര്‍മാന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.