ആറാട്ടുപുഴ: ചെറിയൊരു കടലിളക്കത്തിൽതന്നെ പെരുമ്പള്ളി ഭാഗത്തെ റോഡ് മണ്ണിനടിയിലായി. തീരദേശ റോഡ് ഏത് നിമിഷവും തകർന്ന് ഗതാഗതം മുടങ്ങുമെന്ന അവസ്ഥയിലാണ്. ചെറിയൊരു തിരമാലയെ പ്രതിരോധിക്കാൻ പോലും കടൽഭിത്തി ഇവിടെ നിലവിലില്ല. അതുകൊണ്ട് തന്നെ കടൽവെള്ളം റോഡ് കവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുകയാണ്. പെരുമ്പള്ളി ഭാഗത്തെ റോഡ് അപകടാവസ്ഥയിലായിട്ട് മാസങ്ങളായെങ്കിലും അധികൃതർ പ്രശ്ന പരിഹാരത്തിന് ചെറുവിരൽ അനക്കിയിട്ടില്ല. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ കടലാക്രമണത്തിൽ ഇവിടെ റോഡ് ഭൂരിഭാഗവും തകർന്നിരുന്നു. ഗതാഗതം താറുമാറായതിനെ തുടർന്ന് എത്തിയ അധികൃതർ മൂന്നാഴ്ചക്കുള്ളിൽ തീരം സംരക്ഷിച്ച് റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് ഉറപ്പ് നൽകി മടങ്ങുകയായിരുന്നു. എന്നാൽ, തകർന്ന് റോഡ് താൽക്കാലികമായി ചേർത്ത് വെച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ഇവിടേക്ക് പിന്നീടാരും തിരിഞ്ഞ് നോക്കിയിട്ടില്ല. റോഡും കടലും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണുള്ളത്. കായലും കടലും തമ്മിലെ ദൂരം 50 മീറ്ററിൽ താഴെയുമാണ്. രൂക്ഷമായ കടലാക്രമണത്തിൽ കായലും കടലും ഒന്നിച്ച് ചേർന്ന് മറ്റൊരു പൊഴി കൂടി രൂപപ്പെടാനുള്ള സാധ്യതയും ഏറെയാണ്. രണ്ട് ദിവസമായി തുടരുന്ന കടലിളക്കത്തിൽ തീരത്ത് അങ്ങിങ്ങ് തീര സംരക്ഷണത്തിനായി ഇട്ട കല്ലുകളെല്ലാം മൂടിപ്പോയി. റോഡിലും മണൽ വീണു. റോഡും തീരവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുമുണ്ട്. വഴിവിളക്കില്ലാത്തതിനാൽ രാത്രിയാത്ര ദുരിതപൂർണമാണ്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. ഈ ഭാഗത്ത് വീടുകൾ ഇല്ലാത്തതാണ് അധികാരികളുടെ അലംഭാവത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്തിൽ ഏറ്റവും അടിയന്തര പ്രാധാന്യത്തോടെ തീരം സംരക്ഷിക്കേണ്ട പ്രദേശമാണിത്. റോഡ് കടലെടുത്ത് പോയാൽ തീരവാസികളുടെ ദുരിതം ഇരട്ടിയാകും. ശക്തമായൊരു കടലാക്രമണമുണ്ടായാൽ വലിയഴീക്കൽ - തൃക്കുന്നപ്പുഴ റോഡ് മിച്ചമുണ്ടാകില്ല. ചിത്രം: പെരുമ്പള്ളി ഭാഗത്തെ കടൽ ഭിത്തി തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.