ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് 27ന് നാടിന് സമര്‍പ്പിക്കുന്ന ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ പുതിയ ഏഴുനില ഒ.പി ബ്ലോക്കില്‍ ഒരുക്കിയിട്ടുള്ളത് അത്യാധുനിക രോഗനിര്‍ണയ, ചികിത്സാ സൗകര്യങ്ങള്‍. സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന നൂതന സംവിധാനങ്ങളാണ് ആരോഗ്യവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനമായ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ സജ്ജമായത്.
കിഫ്ബി ഫണ്ടായ 117 കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ബ്ലോക്കില്‍ അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ക്ക് മാത്രമായി 16.43 കോടിയാണ് ചെലവഴിച്ചിട്ടുള്ളത്. കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് വഴി 94 ഉപകരണങ്ങളാണ് ആശുപത്രിയിലേക്ക് വാങ്ങിയത്.
എം.ആര്.ഐ, സി.ടി സ്കാനിങ് മെഷീനുകള്‍, റിട്രോഫിറ്റ് ഡിജിറ്റല്‍ എക്സ്റേ സംവിധാനം, ഒ.പി.ജി സംവിധാനം, മാമോഗ്രാഫി മെഷീന്, ഫൈബ്രോ ഒാപ്റ്റിക് ബ്രോങ്കോസ്കോപ്പി തുടങ്ങിയവ അടക്കമുള്ള ഉപകരണങ്ങള്‍ ഇതിലുണ്ട്. കൂടാതെ, ഫര്‍ണീച്ചറിന് 1.66 കോടി രൂപയും ചെലവഴിച്ചു.
പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് 360 ഡിഗ്രി മെറ്റാബോളിക് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്.
ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കുന്നതിന് നോണ്‍ മിഡ്റിയാട്രിക് കാമറകള്‍ സെന്ററില്‍ സ്ഥാപിച്ചിട്ടുണ്ട്. രക്താതിമര്‍ദം, പ്രമേഹം, ബോഡി മാസ് ഇന്‍ഡക്സ് തുടങ്ങിയ അടിസ്ഥാന പരിശോധനകള്‍ക്കായി മുറിയെ വിവിധ കാബിനുകളായി തിരിച്ച് ഡയബറ്റിക് പരിശോധന, റെറ്റിനോപ്പതി ക്ലിനിക്, പി.എഫ്.ടി ക്ലിനിക്, നെഫ്രോപ്പതി പരിശോധന, കാന്‍സര്‍ ക്ലിനിക്, ഡയറ്റ് കൗണ്‍സലിങ്, സ്മോക്കിങ് സെഷന് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ, വ്യക്തിഗത ക്യുബിക്കിളുകളില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും ഇവിടെനിന്ന് ലഭിക്കും. പ്രമേഹം, രക്താതിമര്‍ദം എന്നിവക്കുപുറമെ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളെയും കാലുകളെയും ബാധിക്കുന്ന പ്രമേഹ പരിശോധന, പള്‍മണറി ഫങ്ഷന് ടെസ്റ്റ്, ഡയറ്റ് കൗണ്‍സലിങ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് ലഭിക്കും എന്നതാണ് 360 ഡിഗ്രി മെറ്റാബോളിക് സെന്ററിന്റെ പ്രത്യേകത.
നിലവിലെ എക്സ്റേ പരിശോധനാരീതികളെ അപേക്ഷിച്ച് വേഗത്തില്‍ കൂടുതല്‍ വ്യക്തമായതും തെളിച്ചമുള്ളതുമായ എക്സ്റേ ചിത്രങ്ങള്‍ കുറഞ്ഞ റേഡിയേഷനില്‍ ലഭ്യമാക്കുന്ന നൂതന സംവിധാനമാണ് റിട്രോഫിറ്റ് ഡിജിറ്റല്‍ എക്സ്റേ സംവിധാനം.
ഫിലിമില്‍ എക്സ്റേ എടുക്കുന്ന പഴയ രീതിയെയും ഫോസ്ഫറസ് ഇമേജിങ് പ്ലേറ്റില്‍ എക്സ്റേ എടുക്കുന്ന രീതിയും ഒഴിവാക്കി അമോര്‍ഫസ് സിലിക്കണ്‍ ഡിറ്റക്ടറുകളില്‍ എക്സ്റേ വികിരണങ്ങള്‍ പതിപ്പിച്ച് കമ്പ്യൂട്ടര്‍ സഹായത്തോടെ ദ്വിമാന ചിത്രങ്ങള്‍ ഉടൻ ലഭ്യമാക്കുന്ന രീതിയാണ് ഈ സംവിധാനം. കുറഞ്ഞ റേഡിയേഷന്, പെട്ടെന്നുള്ള ചിത്രലഭ്യത, വ്യക്തതയുള്ളതും കൃത്യമായതുമായ എക്സ്റേ ഫിലിമുകള്‍, സമയലാഭം എന്നിവയാണ് ഈ പരിശോധനാരീതി കൊണ്ടുള്ള ഗുണങ്ങള്‍.
ദന്തക്ഷയം, മോണരോഗം, ആഘാതമേറ്റ പല്ലുകള്‍, വായക്കുള്ളില്‍ ഉണ്ടാകുന്ന കുരുക്കള്‍, സിസ്റ്റുകള്‍, മുഴകള്‍, ഒടിവുകള്‍ എന്നീ വിവിധ ദന്തരോഗാവസ്ഥകള്‍ നിര്‍ണ്ണയിക്കാന്‍ ഒ.പി.ജി എക്സ്റേ പരിശോധന സഹായിക്കും. പതിവ് ദന്തപരിശോധന മുഖേന ദൃശ്യമാകാത്ത വിവരങ്ങള്‍ ഈ ചിത്രങ്ങളിലൂടെ ലഭിക്കും.
പല്ലുകളുടെ സ്ഥാനം, വിന്യാസം, അവസ്ഥ എന്നിവയെക്കുറിച്ചും മുകളിലും താഴെയുമുള്ള താടിയെല്ലുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ആവശ്യമായ വിവരങ്ങള്‍ ഡോക്ടര്‍ക്ക് ഒ.പി.ജി എക്സ്റേ ലഭ്യമാക്കും.
സങ്കീര്‍ണമായ ശരീരഘടനയുടെ ചിത്രങ്ങള്‍ ലഭ്യമാക്കി കൃത്യതയാര്‍ന്ന രോഗനിര്‍ണയം നടത്താന്‍ സഹായിക്കുന്ന എം.ആര്.ഐ സ്കാനിങ് മെഷീനും സ്ഥാപിച്ചു. റേഡിയേഷന് മൂലമുള്ള ദൂഷ്യഫലങ്ങള്‍ എം.ആര്.ഐ സ്കാനിങ്ങിനില്ല.
കാന്‍സര്‍, മുഴകള്‍, രക്തധമനികളുടെ പ്രശ്നങ്ങള്‍ എന്നിവ വ്യക്തതയോടെ കണ്ടെത്തുന്നതാണ് സി.ടി സ്കാൻ സംവിധാനം. സ്തനരോഗ സാധ്യതാപഠന പരിശോധനക്കുള്ള മാമ്മോഗ്രാഫി. ശ്വാസകോശരോഗങ്ങളും ശ്വാസകോശ കാന്‍സറും നേരത്തേ കണ്ടുപിടിക്കുന്നതിനുതകുന്ന ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജി സംവിധാനമായ ഫൈബ്രോ ഒാപ്റ്റിക് ബ്രോങ്കോസ്കോപ്പി എന്നിവയും പുതിയ ബ്ലോക്കിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.