ആലപ്പുഴ: ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന കാര്യങ്ങള്‍ ആലപ്പുഴ മെഡിക്കൽ കോളജിൽ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ജില്ല കലക്ടറും സൂപ്രണ്ടും പ്രിന്‍സിപ്പാലും അടങ്ങുന്ന അധികൃതര്‍ ഉറപ്പുവരുത്തണമെന്ന് ആശുപത്രി വികസന സമിതി യോഗത്തിൽ നിർദേശം. ലാബുകളില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ നടപടികള്‍ കൈക്കൊള്ളും. ചികിത്സ സമയത്ത് തന്നെ ലാബ് ടെസ്റ്റുകള്‍ ചെയ്ത് നല്‍കാനുള്ള സംവിധാനം ഒരുക്കാനാകുമോയെന്ന് പരിശോധിക്കും. ടെക്നീഷ്യന്മാരുടെ അഭാവമുള്ളത് പരിഹരിക്കും.
ലാബുകളും എക്സ് റേ സെന്ററും 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. അത്യാഹിത വിഭാഗത്തിൽ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഡോക്ടര്‍മാര്‍ സ്ഥലംമാറിപ്പോകുമ്പോള്‍ ആ സ്ഥാനത്ത് പകരം ആളെ ലഭിക്കാതിരിക്കുന്ന പ്രശ്നം നിലവിലുണ്ട്. ഈ വിഷയം ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി സംസാരിച്ചിരുന്നു. ആശുപത്രി വികസനകാര്യങ്ങളില്‍ ആരോഗ്യ മന്ത്രികൂടി പങ്കെടുത്തുകൊണ്ടുള്ള യോഗം ഉടന്‍തന്നെ ചേരുമെന്നും മന്ത്രി പറഞ്ഞു.
ഡോക്ടര്‍മാരുടെ ഒഴിവുകളുടെ കൃത്യമായ കണക്ക് നല്‍കാനും മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഡോക്ടർമാരുടെ കുറവ് നികത്തുന്നതിനൊപ്പം അക്കോമഡേഷൻ വ്യവസ്ഥയിൽ മറ്റു മെഡിക്കൽ കോളേജുകളിലേക്ക് ട്രാൻസ്ഫർ വാങ്ങുന്ന അവസ്ഥക്ക് പരിഹാരമുണ്ടാകുന്ന നടപടികളും സ്വീകരിക്കും. എച്ച്.എൽ.എൽ നിർമിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, എം.ഡി.ഐ.സി.യു എന്നിവയുടെ തുടർന്നുള്ള അറ്റകുറ്റപ്പണി എന്നിവ സംബന്ധിച്ച് പി.ഡബ്ല്യു.ഡി.ക്ക് കൈമാറാനുള്ള സർക്കാർ ഉത്തരവ് അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ആശുപത്രിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ കാലതാമസമില്ലാതെ പണിതീര്‍ക്കാനുള്ള നടപടികള്‍ക്കായി ജില്ല കലക്ടറും ആശുപത്രി അധികൃതരും പി.ഡബ്ല്യു.ഡിയുമായി യോഗം ചേരും. കലക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി., എച്ച്. സലാം എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, പ്രിന്‍സിപ്പൽ ഡോ. മറിയം വർക്കി, സൂപ്രണ്ട് ഡോ.എ. അബ്ദുൾ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ: സാധാരണക്കാരില്‍ സാധാരണക്കാരാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തുന്നതെന്നും അവര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനാകണമെന്നും ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റി യോഗത്തില്‍ കൃഷി മന്ത്രി പി. പ്രസാദ്. രോഗികളോടും അവര്‍ക്കൊപ്പം എത്തുന്നവരോടും മനുഷ്യത്തത്തോടെയാണ് ജീവനക്കാര്‍ പെരുമാറുന്നതെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പുവരുത്തണം. രോഗകാര്യങ്ങളും ചികിത്സാവിവരങ്ങളും രോഗികളുടെ ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ ആശയവിനിമയ സംവിധാനമുണ്ടാക്കണം. നവജാതശിശു മരിച്ച സംഭത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഗൗരവത്തോടെ കാണും. അത് പ്രസിദ്ധപ്പെടുത്തി മാതൃകാപരിമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒഴിവുകൾ നികത്താതെ ഡോക്ടർമാരെ സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. വണ്ടാനത്ത് ആശുപത്രി വികസന സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനസ്തേഷ്യ ഡിപ്പാർട്ട്മെൻറിൽ ഒരു ഡോക്ടർ ഇവിടെ ജോലി ചെയുന്നതായിട്ടാണ് രേഖകളിലുള്ളത്. എന്നാൽ നിലവിൽ തിരുവനന്തപുരത്താണ് ഈ ഡോക്ടറുള്ളത്. മൂന്നു മാസത്തിലൊക്കിലെങ്കിലും എച്ച്.ഡി.എസ് യോഗം കൂടണമെന്ന് യോഗത്തില്‍ കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളാണ് അനസ്ത്യേഷ്യ, റേഡിയൊ ഡയനോസ്റ്റിക് വിഭാഗങ്ങള്‍. ഈവിഭാഗത്തിലെ ഒഴിവുകള്‍ പരിഹരിക്കണം. അവശ്യമരുന്നുകൾ ഫാര്‍മസിയില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവണം. അടുത്തിടെ ആശുപത്രിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളില്‍ അന്വേഷണം നടത്തി, പിഴവുകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകണമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.