അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഒരുങ്ങുന്നത് വിവിധ വകുപ്പുകള്‍ക്ക് ശസ്ത്രക്രിയക്കുള്ള പ്രത്യേക സൗകര്യങ്ങളോടെ. എട്ട് മോഡുലാര്‍ ഓപറേഷന് തിയറ്ററുകള്‍ സജ്ജമാകുന്നതോടെ ഓരോ ദിവസവും വ്യത്യസ്ത വകുപ്പുകള്‍ക്ക് ഒരേ തിയറ്റര്‍ തന്നെ ശസ്ത്രക്രിയക്ക് അനുവദിക്കുന്ന രീതിക്ക് മാറ്റംവരും. ഐ.സി.യു ഉള്‍പ്പെടെ 250 പുതിയ കിടക്കകള്‍ വരുന്നതോടെ കൂടുതല്‍ രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവുമൊരുങ്ങും.
പുതിയ ബ്ലോക്ക് സജ്ജമാകുന്നതോടെ കയര്‍ മേഖലയിലെയും തീരദേശത്തെയും ജനങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സ ലഭ്യമാകുമെന്ന് മെഡിക്കല്‍ കോളജില്‍ നടത്തിയ വാർത്തസമ്മേളനത്തില്‍ എച്ച്. സലാം എം.എല്‍.എ പറഞ്ഞു. ഉദ്ഘാടനം 21ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീന്‍ പവാര്‍ അധ്യക്ഷതവഹിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് സംബന്ധിക്കും.
എന്‍ഡോ ക്രൈനോളജി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങള്‍ പുതുതായി തുടങ്ങുവാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. 173.18 കോടിയാണ് പദ്ധതി ചെലവ്. ഇതില്‍ 120 കോടി കേന്ദ്രസര്‍ക്കാറും 53.18 കോടി രൂപ സംസ്ഥാന സര്‍ക്കാറുമാണ് ചെലവഴിച്ചത്. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 54.35 കോടി ചെലവിട്ടു. 2014ലാണ് പദ്ധതി ആരംഭിച്ചതെങ്കിലും 2016ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ആറ് നിലകളിലായി 19,984 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ബ്ലോക്ക് പണികഴിപ്പിച്ചിട്ടുള്ളത്. മാലിന്യസംസ്കരണ പ്ലാന്റ്, 1000 കിലോ ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി, ആറ് ലിഫ്റ്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. അത്യാധുനിക സി.ടി സ്കാന്‍, കാത്ത് ലാബ്, ഡിജിറ്റല്‍ എസ്ക്റേ യൂനിറ്റ് എന്നിവക്ക് പുറമെ സൗരോര്‍ജ പാനല്‍, പാര്‍ക്കിങ് സൗകര്യം എന്നിവയും പുതിയ സമുച്ചയത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.
ന്യൂറോളജി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി, നെഫ്രോളജി, ജെനിറ്റോയൂറിനറി സര്‍ജറി, മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, പ്ലാസ്റ്റിക് സര്‍ജറി, എന്‍ഡോ ക്രൈനോളജി, ന്യൂറോ സര്‍ജറി എന്നിങ്ങനെ ഒമ്പത് സ്പെഷാലിറ്റി വിഭാഗങ്ങളാണുള്ളത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കലക്ടര്‍ വി.ആര്. കൃഷ്ണതേജ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ. സുമ, സൂപ്രണ്ട് ഡോ. എ. അബ്ദുസ്സലാം, ഹൈറ്റ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വൈസ് പ്രസിഡന്റ് കെ.ജെ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.